സാമൂഹിക ഇടപെടലിൻെറ 33 വർഷങ്ങൾ ചേർപ്പ് പഞ്ചായത്തിൽ സി.എൻ.എൻ സ്കൂളിന് സമീപം കൊളത്തൂർ കൊച്ചുണ്ണിയുടെ മക്കൾ അടച്ചുറപ്പുള്ള വീട്ടിൽ സന്തോഷത്തിലാണ്. 2017 നവംബർ 17നായിരുന്നു 'മാധ്യമ'ത്തിൻെറ ഒന്നാം പേജിൽ 'ഇതൊരു വീടാണ് ഇതിനുള്ളിൽ 11 ജീവനെന്ന' തലക്കെട്ടിൽ ഒരു വാർത്ത അച്ചടിച്ചു വന്നത്. കൂരയോ, തൊഴുത്തോ എന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള ചോർന്നൊലിക്കുന്ന കുടുസുമുറിയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു വാർത്തക്കാധാരം. പത്ര വിതരണത്തിൻെറ മണിക്കൂറുകൾക്കുള്ളിൽ ചേർപ്പ് ഒരു ദൗത്യമേറ്റെടുക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദും അന്നത്തെ എസ്.ഐ ആയിരുന്ന ഐ.സി. ചിത്തരഞ്ജനും പൊതുപ്രവർത്തകൻ കെ.കെ. ഷിഹാബുമൊക്കെ അതിന് മുന്നിൽ നിന്നു. പിന്തുണച്ച് പ്രദേശത്തെ വ്യവസായി ലത്തീഫ് അടക്കമുള്ള സുമനസ്സുകളും എത്തിയപ്പോൾ മാസങ്ങൾക്കകം അവർക്ക് വീടുകൾ യാഥാർഥ്യമായി. ഇന്നും സ്നേഹവുമായി കൊച്ചുണ്ണിയുടെ മക്കൾ 'മാധ്യമ'ത്തിൻെറ ഓഫിസിലേക്കെത്തും. അയ്യന്തോളിൽ കലക്ടറേറ്റിൽ പ്രവാസി കോവിഡ് കെയർ സൻെററിൻെറ നോഡൽ ഓഫിസർ ചുമതലയിൽ ഡെപ്യൂട്ടി കലക്ടർ കെ. മധു തിരക്കിലാണ്. ഭിന്നശേഷിക്കാരനാണ്. ഉദ്യോഗസ്ഥ പ്രഭുക്കളും മാറിയെത്തുന്ന രാഷ്ട്രീയ മുന്നണികളും കാലങ്ങളോളം തട്ടിക്കളിച്ചതാണ് മധുവിൻെറ ജീവിതം. സുപ്രീംകോടതി വരെയെത്തിയ നിയമപോരാട്ടങ്ങൾ എല്ലായിടത്തും അനുകൂലമായ വിധി. പക്ഷേ, ഇവിടെയെത്തുമ്പോൾ അവഗണനയും തഴയലും. സംവരണത്തിൻെറ ആനുകൂല്യം പോലും നിഷേധിക്കപ്പെടൽ. വർഷങ്ങളായുള്ള ജോലിക്ക് വേണ്ടിയുള്ള നടത്തം. ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻെറ ഉത്തരവിറങ്ങി. ഒഴിവുകൾ വകുപ്പുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. അനിവാര്യമായവയിൽ നിയമനങ്ങൾ നടത്തുകയും വേണം. നടന്ന് വലഞ്ഞ മധുവിൻെറ കേസ് ഫയൽ അപ്രതീക്ഷിതമായിട്ടായിരുന്നു 'മാധ്യമ'ത്തിന് ലഭിക്കുന്നത്. ആദ്യ വാർത്ത ശ്രദ്ധിച്ചത് മുഖ്യമന്ത്രി തന്നെ. സംഭവത്തിൽ വകുപ്പിനോട് വിശദീകരണം തേടി. പി.എസ്.സിയിൽനിന്ന് വിശദാംശങ്ങളെടുത്തു. നടപടികളിലേക്ക് കടക്കാൻ നിർദേശിച്ചു. എന്നിട്ടും മാസങ്ങളോളം ഉദ്യോഗസ്ഥർ പിടിച്ചുവെച്ചു. വിഷയം 'മാധ്യമം' വീണ്ടും ഉന്നയിച്ചു. ദിവസങ്ങൾക്കകം പിന്നെയിറങ്ങിയത് മധുവിനുള്ള നിയമന ഉത്തരവായിരുന്നു. വടക്കാഞ്ചേരിയിൽ ഇരുപതോളം വരുന്ന കുടുംബങ്ങൾക്ക് മരിച്ചാൽ അടക്കാൻപോലും ഇടമില്ലാതെ കഴിഞ്ഞിരുന്നവർ. ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുന്ന ഉശിരൻ വാഗ്ദാനവും പ്രഖ്യാപനവും ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ നിലപാടിൽ അവഗണിക്കപ്പെട്ടിരുന്നവർ. സമരങ്ങളും പരാതികളും ആവശ്യങ്ങളുമായി ഓഫിസ് പടിക്കെട്ടുകൾ കയറിയിറങ്ങിയിട്ടും മാറ്റിനിർത്തപ്പെട്ടവർ. തൃശൂർ ടൗൺ ഹാളിൽ അന്നത്തെ മന്ത്രി അടൂർ പ്രകാശ് ഒരു പരിപാടിക്കെത്തിയപ്പോൾ കൈയിൽകിട്ടിയ 'മാധ്യമ'ത്തിലെ വാർത്തയാണ് വഴിയൊരുക്കിയത്. മാസങ്ങൾക്ക് പിറകെ അവർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു. ഇങ്ങനെ 'മാധ്യമം' ഇടപെട്ട വിഷയങ്ങൾ ഏറെയുണ്ട്. സാർഥകമായ 33 വർഷങ്ങൾ. സർക്കാറിൻെറ ലൈഫ് മിഷൻ പദ്ധതി വരുന്നതിന് മുമ്പാണ് മാധ്യമം 'അക്ഷരവീട്' പദ്ധതിയൊരുക്കുന്നത്. ജീവിതത്തിൻെറ സുവർണകാലം മുഴുവൻ കലാ-സാംസ്കാരിക-കായിക മേഖലക്കായി സമർപ്പിച്ചിട്ടും ഒന്നും സമ്പാദിക്കാനും കിടക്കാൻ ഇടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്നവർക്ക് 'മാധ്യമം' മലയാളത്തിൻെറ അക്ഷരക്കൂട്ടുകൾ നിറച്ച് ആദരത്തിൻെറ തണലൊരുക്കി. നാളെയുടെ താരങ്ങളായ രഖിൽഘോഷും ട്രാക്കിലെ താരം ജംഷീലയും കൊടുങ്ങല്ലൂരിൽ കടമുറിയിൽ അന്തിയുറങ്ങേണ്ടി വന്നിരുന്ന ചെസ് താരം ജ്യോതികയുമെല്ലാം ഈ അക്ഷരക്കൂട്ടിൻെറ തണലിലുണ്ട്. മലയാളത്തിൻെറ വാനമ്പാടി ചിത്രക്ക് തൃശൂരിൽ ആദ്യമായി ആദരമൊരുക്കി മാളയിൽ. ആദരം കാണാൻ ഒഴുകിയെത്തിയവർ ആയിരങ്ങളാണ്. രോഗാതുരമായ ജീവിതത്തിൽ കഴിയുന്നവർക്ക് ഇന്നും ആശ്രയമാണ് മാധ്യമത്തിൻെറ 'ഹെൽത്ത് കെയർ'. ശിപാർശയും നിബന്ധനകളൊന്നുമില്ല. ആയിരക്കണക്കിന് ഡയാലിസിസ് രോഗികൾക്ക് ആശ്രയമായി ചികിത്സ സഹായം എത്തുന്നു. കുട്ടികളുടെ സർഗാത്മകത മാറ്റുരക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ സാംസ്കാരിക നഗരിയിൽ 2012ൽ നടന്ന കലോത്സവം മഹോത്സവമായി മാറിയതിന് പിന്നിൽ 'മാധ്യമ'ത്തിൻെറ ഇടപെടലിനെ സർക്കാർ പ്രശംസിച്ചു. തൃശൂരിൻെറ വികാരവും സാംസ്കാരികതയുടെ അടയാളപ്പെടുത്തലുമായ തൃശൂർപൂരത്തിൻെറ പ്രദർശന നഗരിയിൽ 'മാധ്യമ'ത്തിന് മുൻനിരയിൽ സ്ഥാനമുണ്ട്. മികച്ച സ്റ്റാളിന് പൂരം സംഘാടകരുടെ പുരസ്കാരം കഴിഞ്ഞകാലം വരെയും 'മാധ്യമ'ത്തിനായിരുന്നു. വിയ്യൂർ ജയിലിലാണ് മാധ്യമത്തിൻെറ 'വായന' പദ്ധതിക്ക് തുടക്കമിട്ടത്. കാലത്തിൻെറ പിന്നാമ്പുറത്തേക്കും മറവിബാധിച്ച ഓർമകളിലേക്കുമല്ല. നടന്നുവന്ന വഴികളിൽ അടയാളപ്പെടുത്തൽ പതിച്ചാണ് 'മാധ്യമ'ത്തിൻെറ ഇതുവരെയുള്ള യാത്ര. മൂന്ന് പതിറ്റാണ്ട് മാത്രം നീണ്ട യാത്രയിൽ 'മാധ്യമം' ഇടപെട്ടതും ജീവിതമൊരുക്കിയതും ഏറെയുണ്ട്. ഓർത്തെടുക്കാനും നിരത്താനും മിനക്കെടുകയല്ല, ചിലത് ഞങ്ങൾക്ക് തന്നെയുള്ള പ്രചോദനങ്ങളാണ്. വാർത്തക്കപ്പുറം അക്ഷരങ്ങൾ നിരാശ്രയർക്ക് ആയുധവും തണലും ആശ്രയവുമാകുമ്പോൾ, ജനാധിപത്യത്തിലെ നാലാംതൂണെന്ന വിശേഷണത്തിലും പലരും മറന്നുപോവുന്ന സാമൂഹിക പ്രതിബദ്ധത കൂടെ ചേർക്കണമെന്ന ജാഗ്രതയുണ്ട് 'മാധ്യമ'ത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.