നിരോധിത തുർക്കി കറൻസി പിടികൂടിയത്​ എൻ.ഐ.എ അന്വേഷിക്കും

നിലമ്പൂർ: 110 കോടി രൂപ മൂല‍്യമുള്ള നിരോധിത തുർക്കി കറൻസിയുമായി നിലമ്പൂരിൽ അഞ്ച് പേർ പിടിയിലായ സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കുന്നു. കൊച്ചിയിൽനിന്ന് എൻ.ഐ.എ സംഘം അടുത്ത ദിവസം നിലമ്പൂരിലെത്തും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നിലമ്പൂർ പൊലീസ് എൻ.ഐ.എക്ക് കൈമാറി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം പിടിയിലായ എടപ്പാൾ കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി സ്വദേശി തെക്കേകരയിൽ അബ്ദുൽ സലാം(45), ആലപ്പുഴ കായംകുളം പള്ളിക്കൽ സ്വദേശി സന്തോഷ് നിവാസിൽ സന്തോഷ് കുമാർ (45), കായംകുളം പള്ളിക്കൽ മഞ്ചാടിത്തറ സ്വദേശി ശ്രീകമലാലയം വീട്ടിൽ ശ്രീജിത് കൃഷ്ണൻ (39), എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശി ചുള്ളിപറമ്പൻ വീട്ടിൽ സി.എച്ച്. സലീം (53), പാലക്കാട് മുണ്ടൂർ വെളിക്കാട് സ്വദേശി പാറക്കൽ വീട്ടിൽ ജംഷീർ (29) എന്നിവർക്ക് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ‍്യം അനുവദിച്ചു. കാസർകോട് സ്വദേശി അബ്ദുൽ അസീസിൽനിന്നാണ് ഒന്നാം പ്രതി അബ്ദുൽ സലാം കറൻസി വാങ്ങിയത്. ഇരുവരും സൗദി അറേബ്യയിൽവെച്ചാണ് പരിചയപ്പെട്ടത്. തുർക്കിയിൽ ഒമ്പത് കോടി 90 ലക്ഷം മൂല‍്യമുള്ള ടർക്കിഷ് ലിറയുടെ 200 നോട്ടുകൾ രണ്ട് കെട്ടുകളായാണ് സലാമിന് കൈമാറിയത്. ഇത് ഗൾഫിൽ വെച്ച്തന്നെ മാറിയെടുക്കാൻ ശ്രമം നടന്നിരുന്നു. 198 നോട്ടുകളാണ് നിലമ്പൂരിൽ പിടിയിലായവരിൽനിന്ന് പൊലീസിന് ലഭിച്ചത്. അബ്ദുൽ അസീസിനെതിരെയും കേസെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെ കെ.എൻ.ജി റോഡിൽ നിലമ്പൂർ വെളിയംതോട് വെച്ചാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രൻ, നിലമ്പൂർ സി.ഐ കെ.എം. ബിജു എന്നിവർ ചേർന്ന് അഞ്ചംഗ സംഘത്തെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറും കസ്റ്റഡിയിലെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.