മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് തുടക്കം കുറിച്ച ഭവനസന്ദര്‍ശന പരിപാടിയായ ‘സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം’ പ്രവർത്തനക്ഷമമാവാത്ത സാഹചര്യത്തില്‍ മുഖം രക്ഷിക്കാനായി കുടുംബശ്രീ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ തീരുമാനം.
എല്ലാ തദ്ദേശ ഭരണ വാര്‍ഡുകളിലും ഭവനസന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയുടെ കത്തും മറ്റു പ്രചാരണ സാമഗ്രികളും വിതരണം ചെയ്യുന്നതിന് രണ്ട് പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്നാണ് ബുധനാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍, ജില്ല മിഷന് കോഓഡിനേറ്റര്‍മാര്‍ക്ക് നല്കിയ നിര്‍ദേശം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കുടുംബശ്രീ പ്രവർത്തകരെ സർക്കാർ പ്രചാരണ പരിപാടിക്ക് ഉപയോഗിക്കുന്നതിൽ ഉദ്യോഗസ്ഥര്‍ക്കിടയിൽ കടുത്ത എതിർപ്പുണ്ട്.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ടും വികസന ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചുമുള്ള ബൃഹത് പരിപാടി എന്ന രീതിയിലാണ് സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം സർക്കാർ ആസൂത്രണം ചെയ്തിരുന്നത്. ജനുവരി ഒന്നുമുതല്‍ 31 വരെ എല്ലാ വീടുകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി സര്‍ക്കാറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും ഭാവി കേരളത്തിനായുള്ള ആശയരൂപവത്കരണം നടത്തുമെന്നുമാണ് അറിയിച്ചിരുന്നത്.
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ നടപടികളും പൂര്‍ത്തീകരിച്ച് ഫെബ്രുവരി 15ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. വീടുകളില്‍ വിതരണം ചെയ്യുന്നതിന് ബ്രോഷറുകള്‍, മുഖ്യമന്ത്രിയുടെ കത്ത്, നോട്ടുബുക്ക്, റൈറ്റിങ് പാഡ്, പേന, ബാഗ്, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ സാമഗ്രികള്‍ തയാറാക്കി എല്ലാ ജില്ലകളിലും എത്തിച്ചെങ്കിലും ജനുവരി പിന്നിട്ട ശേഷവും പരിശീലനവും ഭവനസന്ദര്‍ശനവും എങ്ങുമെത്തിയില്ല. പരിശീലനം നേടിയവരില്‍ ഏറെപ്പേരും ഭവനസന്ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ തയാറായില്ല.
സംസ്ഥാനത്തൊട്ടാകെ 95,42,805 വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ ലക്ഷ്യമിട്ടിരുന്ന പരിപാടിയില്‍ 3,85,816 വീടുകളില്‍ മാത്രമാണ് സന്ദര്‍ശനം നടത്താനായതെന്നാണ് ഫെബ്രുവരി രണ്ടു വരെയുള്ള ഔദ്യോഗിക കണക്ക്. ഇതില്‍തന്നെ 1,50,865 വീടുകളുടെ വിവരങ്ങള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖനേ അപ് ലോഡ് ചെയ്തിട്ടുള്ളത്.
ചീഫ് സെക്രട്ടറി തലത്തില്‍ ഉള്‍പ്പെടെ പലതവണ അവലോകന യോഗം ചേര്‍ന്നെങ്കിലും പരിപാടിയിൽ കാര്യമായ പുരോഗതി നേടാനായില്ല. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പ്രവർത്തകരെ ഇറക്കി ഭവനസന്ദർശനം പൂർത്തിയാക്കാനുള്ള നീക്കം. സര്‍ക്കാര്‍ ചെലവിലുള്ള എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനാണ് ഇതെന്നുള്ള പ്രതിപക്ഷം ആരോപണം നിലനിൽക്കെയാണ്, കുടുംബശ്രീയെ തന്നെ സാമഗ്രികളുടെ വിതരണത്തിന് ഉപയോഗിക്കുന്നത്. പദ്ധതിക്കു വേണ്ടി 20 കോടി രൂപയാണ് നോഡല്‍ വകുപ്പായ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.