1. മാറഞ്ചേരി താമലശ്ശേരിയിൽ തെരുവുനായ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നര വയസ്സുകാരി സംമ്റ, 2. പൊന്നാനിയിൽ തെരുവുനായെ പിടികൂടിയപ്പോൾ
പൊന്നാനി: പൊന്നാനിയിലും മാറഞ്ചേരിയിലും പൊതുജനങ്ങളെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇരുപതോളം പേരെയാണ് തെരുവുനായ് ആക്രമിച്ചത്. പൊന്നാനിയിൽ ചൊവ്വാഴ്ച മൂന്നുപേരെ ആക്രമിച്ച തെരുവുനായ് ബുധനാഴ്ച കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 13 പേരെ കടിച്ചു. തിരക്കേറിയ ചമ്രവട്ടം ജങ്ഷൻ, കുണ്ടുകടവ് ജങ്ഷൻ എന്നിവിടങ്ങളിലാണ് തെരുവുനായ് പ്രദേശവാസികളെ ഓടിച്ചിട്ട് കടിച്ചത്. ചൊവ്വാഴ്ച പൊന്നാനി സ്വദേശികള അംറ (8), ഹസീന (42), ജുബൈരിയ (31) എന്നിവർക്കാണ് തെരുവുനായുടെ അക്രമത്തിൽ പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ ജുവൈരിയ (44), ഇന്ദിര (48), ഹൽഖ (23), നിഷ (53), ഷാജിത (34), റിസ്വാന (22), ബദറുന്നിസ (48), ഭാസ്കരൻ (63), അഷിത (32), ശ്രീജിത്ത് (32), ശാന്ത (61) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പേവിഷ ബാധയുള്ള തെരുവുനായാണ് പൊതുജനങ്ങളെ കടിച്ച് പരിക്കേൽപ്പിച്ചത്.
രാവിലെ മുതൽ തെരുവുനായുടെ പരാക്രമം ആരംഭിച്ചതോടെ നഗരസഭ ഭരണസമിതി അംഗങ്ങളും ഹെൽത്ത് വിഭാഗവും കണ്ടിജൻറ് ജീവനക്കാരും തെരുവുനായെ പിടി കൂടാനായി രംഗത്തിറങ്ങി. ഉച്ചയോടെ മലപ്പുറത്തുനിന്ന് ഡോഗ് ക്യാച്ചർമാരും രംഗത്തെത്തി.
തുടർന്ന് വൈകുന്നേരത്തോടെ നൈതല്ലൂർ റോയൽ സ്കൂളിന് സമീപം വെച്ച് തെരുവുനായെ പിടികൂടി വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. മാറഞ്ചേരി താമലശ്ശേരി അമ്പാരത്ത് ഷെമീറിന്റെ മൂന്നര വയസ്സുള്ള മകൾ സംമ്റക്കാണ് നായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് നായുടെ ആക്രമണമുണ്ടായത്. മാസ്റ്റർപടി പുല്ലയിൽ അലിയുടെ ഒമ്പത് വയസ്സുകാരിക്കും വീട്ടുമുറ്റത്തുവെച്ച് നായുടെ കടിയേറ്റു. മാറഞ്ചേരി സെന്ററിന് സമീപം വട്ടേകാട്ടിൽ ഹസീന, പരിച്ചകം കോമുണ്ടത്തേൽ ജുബൈരിയ എന്നിവർ റോഡിലൂടെ നടക്കുന്നതിനിടയിലാണ് കടിയേറ്റത്. മാറഞ്ചേരി വില്ലേജ് ഓഫിസ് പരിസരത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ജുബൈരിയ എന്ന വീട്ടമ്മക്കും കടിയേറ്റിട്ടുണ്ട്. കുറച്ചുകാലങ്ങളായി മാറഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടർന്ന് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കാൻ തയാറാവാത്തതിൽ നാട്ടുകാർ പലവട്ടം പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. എന്നിട്ടും പഴയ ഭരണസമിതി ഒരു നടപടിയും കൈകൊണ്ടില്ലെന്നും പുതിയ ഭരണ സമിതിയെങ്കിലും തെരുവുനായ് വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.