തൃശൂർ: തൃശൂര്‍-പൊന്നാനി കോള്‍ കൃഷിയിടങ്ങളില്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട വിഭവശേഷി വീണ്ടെടുക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കി പ്രളയാനന്തര കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. കോള്‍ വികസന അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളിലുണ്ടായ നഷ്ടം പരിഹരിക്കാൻ പ്രാരംഭ ശ്രമം നടക്കുകയാണ്. അതിനു വേണ്ട സഹായങ്ങള്‍ അനുവദിക്കും. കോള്‍നിലങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ അതാതിടങ്ങളില്‍ പ്രാദേശിക യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുക്കാൻ കര്‍ഷക സമിതികള്‍ക്ക് മന്ത്രി നിർദേശം നല്‍കി. പാടശേഖരങ്ങള്‍ വെറുതെ കിടക്കുകയാണെങ്കില്‍ അവിടെ ഉടന്‍ കൃഷി ആരംഭിക്കണം. കോള്‍നിലങ്ങള്‍ക്ക് അനുവദിച്ച കൃഷി ഉപകരണങ്ങള്‍ കൈപ്പറ്റാത്ത സമിതികള്‍ക്ക് അപേക്ഷ നല്‍കിയ ഉടന്‍ അത് നല്‍കാനും തീരുമാനിച്ചു. പ്രളയത്തില്‍ നശിച്ച മോട്ടോറുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കോള്‍പടവുകളില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുന്ന ഷെഡുകളുടെ പ്രവൃത്തി ഉടന്‍ നടപ്പാക്കണം. കര്‍ഷകര്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ക്കും അനുവദിച്ച തുക വിതരണം ചെയ്യാനും കോള്‍പടവുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു. കോള്‍വികസന അതോറിറ്റി ചെയര്‍മാന്‍ സി.എന്‍. ജയദേവന്‍ എം.പി അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ. ബിജു, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൽ ഖാദര്‍, കലക്ടര്‍ ടി.വി. അനുപമ, കെ.എല്‍.ഡി.സി പ്രതിനിധികള്‍, കോള്‍ കര്‍ഷക സംഘം ഭാരവാഹികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.