കൂറ് എം.എൽ.എയോടെന്ന് ആക്ഷേപം; ഡി.വൈ.എഫ്.ഐയിൽ അമർഷം

പാലക്കാട്: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിത നേതാവി‍​െൻറ പരാതിയിൽ ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വത്തി‍​െൻറ നടപടിയിൽ പ്രവർത്തകർക്കിടയിൽ അമർഷം. പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം നിൽക്കാതെ ആരോപണവിധേയനായ എം.എൽ.എക്കൊപ്പമാണ് നേതൃത്വം എന്നാണ് പ്രവർത്തകരുടെ പൊതുവികാരം. പ്രതിഷേധം സംഘടന പരിപാടികളുടെ ബഹിഷ്കരണത്തിലേക്ക് വരെ നീങ്ങിയത് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്. പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ മേഖല കമ്മിറ്റി കേന്ദ്രീകരിച്ച് ബുധനാഴ്ച പ്രതിഷേധം നടത്താൻ ആഹ്വാനമുണ്ടായിരുന്നെങ്കിലും പലയിടത്തും മുടങ്ങി. പി.കെ. ശശി എം.എൽ.എയുടെ തട്ടകമായ മണ്ണാർക്കാട് അഞ്ച് മേഖല കമ്മിറ്റികളിൽ മാത്രമാണ് പ്രതിഷേധ പരിപാടികൾ നടന്നത്. എട്ട് മേഖല കമ്മിറ്റികളാണ് പ്രതിഷേധ പരിപാടിയിൽനിന്ന് മാറിനിന്നത്. എം.എൽ.എക്കെതിരെ ജില്ല കമ്മിറ്റിയിലെ വനിത നേതാവ് നൽകിയ പരാതിയിൽ തീർപ്പായിട്ട് മതി ബാക്കി സംഘടന പ്രവർത്തനങ്ങൾ എന്നാണ് ഇവിടുത്തെ പ്രവർത്തകരുടെ നിലപാട്. കരിമ്പ, തച്ചമ്പാറ, കാരാകുറിശ്ശി, അലനല്ലൂർ, കുമരംപുത്തൂർ എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടി നടന്നത്. പ്രതിഷേധം നടന്നിടങ്ങളിൽ പ്രവർത്തകർ തങ്ങളുടെ വികാരം നേതാക്കളെ അറിയിച്ചിട്ടുണ്ട്. പരാതിയെ കുറിച്ച് നേരേത്ത അറിഞ്ഞ ഒരു ഡി.വൈ.എഫ്.ഐ നേതാവ് നിലപാടിൽനിന്ന് പിന്നോട്ട് പോവാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതും വിഷയം ചർച്ചചെയ്ത് ഒതുക്കിതീർക്കാൻ ശ്രമിച്ചതുമാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. മറ്റൊരു നേതാവ് ആരോപണം ഉയർന്നതിന് ശേഷം നടന്ന സി.പി.എം ജില്ല കമ്മിറ്റിയോഗം കഴിഞ്ഞ് ആരോപണവിധേയ‍​െൻറ കാറിലാണ് ജില്ല കമ്മിറ്റി ഓഫിസിൽനിന്ന് പുറത്തേക്ക് പോയത്. പരാതിക്കാരിയോടല്ല ആരോപണവിധേയനോടാണ് തങ്ങളുടെ കൂറ് എന്ന് കാണിക്കുന്നതാണ് നേതാക്കളുടെ ചെയ്തികളെന്ന് പ്രവർത്തകർ പറയുന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയിലെ അംഗങ്ങൾ പോലും വിഷയത്തിൽ നേതൃത്വത്തിന് എതിരായി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. -എ. ശരത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.