പാലക്കാട്: പ്രളയത്തിൽ തകർന്ന സംസ്ഥാനത്തിെൻറ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയർ കേരള പദ്ധതിയുടെ ജില്ലതല യോഗം ജില്ല സഹകരണ ബാങ്ക് ഹാളിൽ കലക്ടർ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം പൊതുസമൂഹം ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് കേരളം കണ്ടതെന്നും സംസ്ഥാനത്തിെൻറ പുനർനിർമാണത്തിന് സഹകരണ പ്രസ്ഥാനം കൈകോർക്കണമെന്നും കലക്ടർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ മേഖല ഇതിനകം തന്നെ നല്ല തുക സമാഹരിച്ചുനൽകിയിട്ടുണ്ട്. തുടർപ്രവർത്തനങ്ങളിലും മികച്ച രീതിയിൽ ജില്ലയിലെ സഹകാരികളും ജീവനക്കാരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂർണമായും വീട് നഷ്ടപ്പെട്ട 1500 പേർക്ക് വീട് നിർമിച്ചുനൽകുന്ന കെയർ ഹോം പദ്ധതിയിലേക്ക് ജില്ലയിൽനിന്ന് നാല് കോടി രൂപ നൽകും. റവന്യൂ വകുപ്പ് കണ്ടെത്തുന്ന ഗുണഭോക്താക്തൾക്ക് അഞ്ചുലക്ഷം രൂപ ചെലവിലാണ് വീടുകൾ നിർമിച്ചുനൽകുക. പ്രദേശത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്കാകും നിർമാണ ചുമതല. 600 സ്ക്വയർ ഫീറ്റിൽ കുറയാത്ത വീടുകൾക്ക് അടിസ്ഥാനസൗകര്യങ്ങൾ, കുടിവെള്ളം, മാലിന്യനിർമാർജന സൗകര്യം, കൊച്ചു പൂന്തോട്ടം എന്നിവ ഉറപ്പുവരുത്തും. കുടുംബശ്രീ മുഖേന കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന കെയർ ലോൺ പദ്ധതി, ദുരിതബാധിതരുടെ ആരോഗ്യസംരക്ഷണം, പഠനോപകരണ വിതരണം എന്നിവക്കായി കെയർ േഗ്രസ് പദ്ധതി എന്നിവയും സഹകരണ വകുപ്പ് ഏറ്റെടുക്കും. സഹകരണ സംഘം പ്രസിഡൻറ്, സെക്രട്ടറി, സഹകാരികൾ, സഹകരണ വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗത്തിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ജോയൻറ് രജിസ്ട്രാർ എം.കെ. ബാബു പദ്ധതി വിശദീകരിച്ചു. സംസ്ഥാന സഹകരണ ബാങ്ക് മുൻ ചെയർമാൻ പി.എ. ഉമ്മർ, സഹകാരികളായ കെ.എ. ചന്ദ്രൻ, സി. അച്യുതൻ, ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ യു. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സ്പെഷൽ േഗ്രഡ് ഇൻസ്പെക്ടർ പി. ഹരിപ്രസാദ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ അനിത ടി. ബാലൻ നന്ദിയും പറഞ്ഞു. പീഡനാരോപണം; എം.എൽ.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം നടത്തും പാലക്കാട്: ഷൊർണൂർ എം.എൽ.എയും സി.പി.എം നേതാവുമായ പി.കെ. ശശി എം.എൽ.എ പീഡിപ്പിച്ചെന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ വനിത നേതാവിെൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും കുറ്റാരോപിതനായ എം.എൽ.എ, തൽസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ പ്രകടനം നടത്താൻ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു. സംഭവത്തിൽ പാർട്ടിക്കൂറ് കാണിക്കുന്ന സംസ്ഥാന വനിത കമീഷൻ സ്ത്രീ സമൂഹത്തിന് അപമാനമായി മാറിയെന്നും ജില്ല പ്രസിഡൻറ് സി.എ. സാജിത്, ജനറൽ സെക്രട്ടറി ഗഫൂർ കോൽകളത്തിൽ എന്നിവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.