സ്പിരിറ്റ് കടത്ത്: പാരിതോഷികം വാക്കിലൊതുങ്ങി

സ്വന്തം ലേഖകൻ പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള സ്പിരിറ്റ് കള്ളക്കടത്ത് പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ലഭിക്കുന്നില്ല. ജീവനക്കാർക്ക് നൽകാനുള്ള ലക്ഷക്കണക്കിന് രൂപയാണ് കെട്ടിക്കിടക്കുന്നത്. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിന് പിടികൂടുന്ന സ്വർണത്തി‍​െൻറ വിലയുടെ നിശ്ചിതശതമാനം പാരിതോഷികമായി നൽകുന്നുണ്ട്. ഇതേ മാതൃകയിൽ എക്സൈസുകാർക്കും പാരിതോഷികം നൽകണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ട പ്രകാരമാണ് നേരത്തേ സർക്കാർ ഉത്തരവിറക്കിയത്. 2007 മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ, പിടികൂടിയ സ്പിരിറ്റും വാഹനവും കണ്ടുകെട്ടി ലേലത്തിൽ വിൽപനനടത്തി ലഭിക്കുന്ന തുകയുടെ 25 ശതമാനം ജീവനക്കാർക്ക് നൽകാനായിരുന്നു നിർദേശം. ഉത്തരവ് വന്ന് പത്ത് വർഷമായിട്ടും പിടികൂടിയ കേസുകളുടെ പത്ത് ശതമാനത്തിന് പോലും പാരിതോഷികം നൽകിയിട്ടില്ല. കേസ് കണ്ടെത്തിയ ഉദ്യോഗസ്ഥരും രജിസ്റ്റർ ചെയ്ത ഓഫിസും വ്യത്യസ്തമാകുന്നതാണത്രെ തടസ്സം. കേസ് രജിസ്റ്റർ ചെയ്ത ഓഫിസ് മേധാവിയാണ് ശിപാർശ ചെയ്യേണ്ടത്. നിരവധി രേഖകൾ സമാഹരിച്ച് നൽകേണ്ടതിനാൽ അവർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. കേസെടുത്ത ജീവനക്കാർ രേഖകൾ സംഘടിപ്പിച്ച് നൽകിയ കേസുകളിൽ മാത്രമാണ് ഇതുവരെ പാരിതോഷികം നൽകിയത്. ഉത്തരവുപ്രകാരം അസി. എക്സൈസ് കമീഷണർ 1500, സർക്കിൾ ഇൻസ്പെക്ടർ 1000, എക്സൈസ് ഇൻസ്പെക്ടർ / അസി. ഇൻസ്പെക്ടർ 750, പ്രിവൻറിവ് ഓഫിസർ 500, സിവിൽ എക്സൈസ് ഓഫിസർ / ഡ്രൈവർ 300 ക്രമത്തിലാണ് പാരിതോഷികം ലഭിക്കുക. കൂടുതൽ കേസ് പാലക്കാട് ജില്ലയിലാണ്. എന്നാൽ, ഇവിടെ നൂറോളം കേസുകൾ പാരിതോഷികം ലഭിക്കാതെ കിടക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.