പാലക്കാട്: സ്വർണ വ്യാപാരിയെ ബൈക്കിലെത്തി കത്തിക്കാട്ടി കവർച്ച നടത്തിയ കേസിൽ നാലുപേർ പിടിയിൽ. ഒറ്റപ്പാലം മനിശ ്ശേരി, സ്വദേശി മിഥുൻ (25), കണ്ണിയംപുറം സ്വദേശി വിഷ്ണു (സൽമാൻ -21), ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അഫ്സൽ (24), കണ്ണിയംപുറം സ്വദേശി ശൗരി ദേവ് (24) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ മൂവർ സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും മർദിച്ചും നാല് ലക്ഷം രൂപയും 140 ഗ്രാം സ്വർണവും കൊള്ളയടിക്കുകയായിരുന്നു. സംഭവ ദിവസം പുലർച്ച 1.30ന് സ്വർണ വ്യാപാരിയായ മേപ്പറമ്പ് സ്വദേശി അബ്ദുൽ സലാം പുലാമന്തോളിൽനിന്ന് വാങ്ങിയ സ്വർണാഭരണങ്ങളും പണവുമായി പുലർച്ച പാലക്കാട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ എത്തി. പരിചയക്കാരനും സംഭവത്തിലെ മുഖ്യപ്രതിയുമായ മിഥുൻ എന്നയാളുടെ കാറിൽ മേപ്പറമ്പ് ടൗണിൽ ഇറങ്ങിയ ശേഷം സുഹൃത്തിെൻറ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിൽ മാപ്പിളക്കാട് റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോൾ ഉണ്ണിരാംകുന്ന് എന്ന സ്ഥലത്താണ് ആക്രമണം നടത്തിയത്. ടൗൺ നോർത്ത് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിൽ മിഥുനാണെന്ന് വ്യക്തമായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കൂട്ടു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ ഒറ്റപ്പാലം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും കളവ് മുതലുകൾ മുഴുവൻ പ്രതികളുടെ സുഹൃത്തിെൻറ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഒന്നാം പ്രതി മിഥുന് റെൻറ് എ കാർ ബിസിനസാണ്. മറ്റുപ്രതികൾക്കെതിരെ വേറെ കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, ടൗൺ നോർത്ത് ഇൻസ്പെക്ടർ സി. അലവി, എസ്.ഐ ആർ. രഞ്ജിത്ത്, എ.എസ്.ഐ നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, കെ. സുരേഷ് കുമാർ, എം. സതീഷ്, എസ്. സന്തോഷ് കുമാർ, ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വി. രവികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.