പാലക്കാട്: പ്രളയക്കെടുതിക്ക് ശേഷം ജില്ലയെ ദുരിതത്തിലാക്കി വീണ്ടും കാട്ടാനകൾ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, അഗളി, പൂതൂർ, ഷോളയൂർ പഞ്ചായത്തുകളിലാണ് ശല്യം രൂക്ഷമായത്. കാട്ടാനകളെ തുരത്താൻ വ്യക്തമായ പദ്ധതികളും സംവിധാനങ്ങളുമില്ലാതെ വനംവകുപ്പും കുഴയുന്നു. കഴിഞ്ഞദിവസം ജില്ല വികസനസമിതി യോഗത്തിലെ പ്രധാന വിഷയങ്ങളിലൊന്ന് കാട്ടാനയായിരുന്നു. ആനകളിറങ്ങുന്ന പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനജീവിതം ഭീഷണിയിലായിരിക്കുകയുമാണ്. തിരിച്ചയക്കുന്ന കാട്ടാനകൾ ദിവസങ്ങൾക്കകംതന്നെ വീണ്ടും നാട്ടിലേക്ക് തിരിച്ചിറങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കാടുകളിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം മഴക്കാലത്തും കാട്ടാനകൾ നാടിറങ്ങുന്നത് പതിവാണ്. കാട്ടാനകളെ തുരത്താൻ പരമ്പരാഗത സംവിധാനങ്ങൾ മാത്രമാണ് വനംവകുപ്പ് പിന്തുടരുന്നത്. വനംമന്ത്രി നിർദേശിച്ച റബർബുള്ളറ്റ് ഉപയോഗിക്കുന്നതിൽ പോലും വനംവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ആനകളെ പ്രതിരോധിക്കാനായി സെൻസർ ഫെൻസിങ് സംവിധാനം ഫലപ്രദമാണെന്ന് വിദഗ്ധ അഭിപ്രായമുയർന്നിരുന്നെങ്കിലും ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല. വനാതിർത്തികളിൽ സ്ഥാപിക്കുന്ന ഫെൻസിങ്ങിൽ ആനകൾ സ്പർശിച്ചാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാനാകുന്നതാണ് ഈ രീതി. പ്രത്യേക ലൈറ്റുകൾ സ്ഥാപിച്ച് ആനകളെ തടയാമെന്ന് കണ്ടെത്തിയെങ്കിലും പദ്ധതി പൂർത്തിയാക്കിയിട്ടില്ല. ആനയിറങ്ങുന്ന പ്രദേശങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ തുണികളിൽ മുളകുപൊടി പുരട്ടുക. കൂടാതെ, ആനകൾ കൃഷിയിടങ്ങളിൽ പ്രവേശിക്കാതിരിക്കാൻ തേനീച്ചക്കൂടുകൾ സ്ഥാപിക്കുക. ഇവയെല്ലാം ഒരുപരിധിവരെ കാട്ടാനകളുടെ ശല്യത്തിൽനിന്ന് രക്ഷനേടാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ കാട്ടാനശല്യം പരിഹരിക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുമെന്ന് ജില്ല വികസന സമിതി യോഗങ്ങളിൽ തീരുമാനമായിരുന്നു. എന്നാലിതുവരെ തുടർനടപടികളുണ്ടായില്ല. ഒരുമാസം മുമ്പ് മുണ്ടൂരിലും ഷോളയൂരിലും കാട്ടാനകളുടെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചിരുന്നു. കല്ലടിക്കോട് മലകളിൽനിന്ന് കയറംകോട് വഴിയാണ് ഇപ്പോൾ ആനകൾ സ്ഥിരം വഴിയാക്കിയിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഇതിലൂടെ ഒറ്റപ്പാലം, തിരുവില്വാമല വഴി ആനകൾ തൃശൂർവരെ എത്തിയിരുന്നു. കഴിഞ്ഞദിവസം മലമ്പുഴയിലെ ആറങ്ങോട്ട്കുളമ്പിൽ ജനവാസമേഖലയിൽ കാട്ടാനകളെത്തി. പുലർച്ച പാൽ വാങ്ങാനിറങ്ങിയ മൂന്നുപേർ ആനകൾക്ക് മുന്നിൽനിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. അട്ടപ്പാടി അഗളി ടൗണിൽവരെ കാട്ടാനകളിറങ്ങി. അട്ടപ്പാടി കിഴക്കൻമേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.