മഞ്ചേരി: ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായ കാമറൂൺ സ്വദേശികൾ സമാന രീതിയിൽ തട്ടിപ്പുനടത്തിയത് പത്തോളം സംസ്ഥാനങ്ങളിൽ. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ ആഗസ്റ്റ് 14നാണ് മഞ്ചേരി പൊലീസ് ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഒാൺലൈൻ വ്യാപാര മേഖലയിലെ സൗകര്യങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടലായിരുന്നു ഇവരുടെ രീതി. തട്ടിപ്പിെൻറ വിശദാംശങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ അന്വേഷണ എജന്‍സികളുമായി പങ്കുവെച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റ് കേസുകള്‍ സംബന്ധിച്ച് മലപ്പുറം പൊലീസ് ഐ.ടി സെൽ വഴി വിവരങ്ങൾ ലഭ്യമായത്. ഗുജറാത്ത്, തെലുങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരും ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഗുജറാത്ത് പൊലീസ് കഴിഞ്ഞദിവസം പ്രതികളെ വിട്ടുകിട്ടുന്നതിനായി മഞ്ചേരി സി.ജെ.എം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പ്രതികളെ ഗുജറാത്തിലേക്കും തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകും. മഞ്ചേരി സ്വദേശിയുടെ പരാതിയിൽ മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേരളത്തില്‍ ഇത്രയധികം ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത്, സൈബര്‍ ഫോറന്‍സിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, എസ്.ഐ.ടി അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, സ്രാമ്പിക്കല്‍ ശാക്കിർ, കെ.വി. ഉണ്ണികൃഷ്ണൻ, എ. ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.