മേലാറ്റൂർ: സഹോദര പുത്രനായ വിദ്യാർഥിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ് കൊന്ന കേസിൽ തെളിവെടുപ്പ് തുടരുന്നു. എടയാറ്റൂർ ഡി.എൻ.എം.എ.യു.പി.എസ് നാലാം ക്ലാസ് വിദ്യാർഥി മങ്കരത്തൊടി മുഹമ്മദ് ഷഹീൻ (ഒമ്പത്) കൊല്ലപ്പെട്ട കേസിൽ ബുധനാഴ്ച മുതൽ പൊലീസ് കസ്റ്റഡിയിലുള്ള ആനക്കയം മങ്കരത്തൊടി മുഹമ്മദുമായാണ് (44) തെളിവെടുപ്പ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ സിനിമ തിയറ്റർ, പാണ്ടിക്കാട് ഒറവംപുറം, ആനക്കയം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. ശനിയാഴ്ച വിദ്യാർഥിയെ പുഴയിലെറിഞ്ഞ ആനക്കയം പാലത്തിലും ആനക്കയത്തെ പ്രതിയുടെ വീട്ടിലും പരിശോധന നടത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്കും കുട്ടിയെ തിരിച്ചറിയാതിരിക്കാൻ വെച്ച ഹെൽമറ്റും പ്രതി ധരിച്ച കോട്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി പൊതുമരാമത്ത് അക്കൗണ്ട് ഓഫിസർ കളത്തൂർ രാജനാണ് വസ്തുക്കളുടെ കണക്കെടുപ്പ് നടത്തിയത്. ഹെൽമറ്റിൽ കാണപ്പെട്ട മുടികളും മറ്റും സയൻറിഫിക് ഓഫിസർ ദിനേശ് വലിയാട്ട് പരിശോധിച്ചു. ആഗസ്റ്റ് 13ന് രാവിലെ മുഹമ്മദ് ഷഹീനെ തട്ടിക്കൊണ്ടുപോയ പ്രതി അന്ന് രാത്രി പത്തോടെയാണ് അനക്കയം പാലത്തിൽനിന്ന് ജീവനോടെ പുഴയിലെറിഞ്ഞത്. ആഗസ്റ്റ് 24ന് കസ്റ്റഡിയിലായ പ്രതിയെ 25ന് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. 29ന് കൂട്ടിലങ്ങാടിയിൽ നിന്നാണ് ഷഹീെൻറ മൃതദേഹം കണ്ടെത്തിയത്. പാണ്ടിക്കാട് സി.ഐ കെ. അബ്ദുൽ മജീദ്, മേലാറ്റൂർ എസ്.ഐ പി.കെ. അജിത്ത്, കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകുന്നത്. അഡീഷനൽ എസ്.ഐ സി.എം. വേണുഗോപാൽ, എ.എസ്.ഐ അബ്ദുൽ റഷീദ്, പൊലീസുകാരായ വി. മൻസൂർ, ഫാസിൽ കുരിക്കൾ, എ.പി. റഹ്മത്തുല്ല എന്നിവരും പൊലീസ് സംഘത്തിലുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.