വൈക്കം: മാനവസ്നേഹത്തിെൻറ കെടാവിളക്ക് കൊളുത്തി വെച്ചൂർ അൻസാറുൽ ഇസ്ലാം ജുമാമസ്ജിദ്. പ്രളയബാധിതർക്ക് സഹായമെത്തിച്ചവർക്ക് നന്ദിപറയാൻ വെച്ചൂർ അച്ചിനകം സെൻറ് മേരീസ് പള്ളി വികാരി സാനു പുതുശ്ശേരിയെത്തിയത് വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരവേളയിലാണ്. ഏറെ നീളാതെ ജുമുഅ പ്രസംഗം ഇമാം അസ്ഹർ അൽഖാസിമി അവസാനിപ്പിച്ചു. പിന്നീട് ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ വികാരിയെ പള്ളിയിലേക്ക് സ്വീകരിച്ചു. നമസ്കാരത്തിന് എത്തിയ ആളുകൾക്ക് മുന്നിൽ സംസാരിക്കാനും അവസരം കൊടുത്തു. പ്രളയകാലത്ത് ക്രൈസ്തവദേവാലയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലടക്കം വിവിധ പ്രദേശങ്ങളിൽ കൈമെയ്യ് മറന്ന് എത്തിച്ച സഹായത്തിന് നന്ദി അറിയിക്കാനാണ് വന്നതെന്ന് സൂചിപ്പിച്ചാണ് സാനു പുതുേശ്ശരി പ്രസംഗം തുടങ്ങിയത്. 'മഹാപ്രളയത്തിനാണ് നാം സാക്ഷ്യംവഹിച്ചത്. പ്രളയം നമ്മളിൽനിന്ന് പലതും കവർന്നു. ആദ്യം നമ്മളിൽനിന്ന് കവർന്നത് പരസ്പരം അതിരുകെട്ടിത്തിരിച്ച മതിലുകൾ ആയിരുന്നു. മനസ്സിലെ അഹങ്കാരങ്ങളെയായിരുന്നു. ഞാൻ മാത്രം മതിയെന്ന കാഴ്ചപ്പാടുകളെയായിരുന്നു. എന്നാൽ, പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതിയും മതവും നോക്കാതെ, സമ്പത്തുനോക്കാതെ പരസ്പരം സ്നേഹിക്കാനും സമാധാനിപ്പിക്കാനും കഴിഞ്ഞു. നമുക്ക് നഷ്ടമായ മാനുഷിക മൂല്യങ്ങൾ ഉയർത്തിയെടുക്കാൻ പ്രളയത്തിനു കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്തവർപോലും സഹോദരന്മാരെപ്പോലെ ഓണവും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിച്ചു. ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം. ഇതിൽകൂടെ നാം നേടിയെടുത്ത മാനുഷിക മൂല്യങ്ങൾ വരുംതലമുറക്ക് കൈമാറാം. കാലങ്ങളോളം കൈകോർത്തു മുന്നോട്ടുപോകാമെന്ന ഫാ. സാനുവിെൻറ വാക്കുകൾ മതമൈത്രിയുടെ വറ്റാത്ത മാതൃകയായി. ആഗസ്റ്റ് 17ന് പ്രളയക്കെടുതി രൂക്ഷമായ ഘട്ടത്തിൽ ജമാഅത്ത് ഭാരവാഹികളോട് സഹായം അഭ്യർഥിച്ച് വികാരിയുടെ വിളിയെത്തിയിരുന്നു. കൈസ്ത്രവ ദേവാലയത്തിൽ തുറന്ന ക്യാമ്പുകളിലേക്ക് സഹായം ചോദിച്ചായിരുന്നു വിളി. തുടർന്ന് ജമാഅത്തിലെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം തുടങ്ങി ആവശ്യമായതെല്ലാം എത്തിച്ചുനൽകിയെന്ന് ജമാഅത്ത് സെക്രട്ടറി നവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനൊപ്പം ജമാഅത്തിെൻറ കീഴിലുള്ള വിവിധ തൈക്കാവുകൾ കേന്ദ്രീകരിച്ചും ദുരിതാശ്വാസപ്രവർത്തനങ്ങളും കുടിവെള്ള വിതരണവും നടത്തി. ഇമാം അസ്ഹർ അൽഖാസിമിയുമായും ജമാഅത്ത് ഭാരവാഹികളുമായി സൗഹൃദം പുതുക്കിയുമാണ് മടങ്ങിയത്. ഞായറാഴ്ച വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ കരീമഠം, മഞ്ചാടിക്കര മേഖലയിൽ ജമാഅത്ത് നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.