രണ്ട് ലക്ഷം വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളണം -ജില്ല വികസനസമിതിയിൽ പ്രമേയം

പാലക്കാട്: അതിവർഷവും പ്രളയവുംമൂലം വൻതോതിലുള്ള കൃഷിനാശമുണ്ടായതിനാൽ കർഷകർക്ക് തുടർകൃഷി നടത്താൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ബാങ്കിൽനിന്ന് കർഷകരെടുത്ത രണ്ടുലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ നടന്ന ജില്ല വികസനസമിതി യോഗത്തിൽ പ്രമേയം. കെ. കൃഷ്ണൻകുട്ടി എം.എൽ.എ അവതരിപ്പിച്ച പ്രമേയം കെ.വി. വിജയദാസ് എം.എൽ.എ പിന്താങ്ങി. കർഷകർക്ക് തുടർന്നും കൃഷിയിറക്കാൻ സാമ്പത്തികസഹായം അനുവദിക്കണമെന്ന ആവശ്യവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കനാൽ അറ്റകുറ്റപ്പണി, ജലസേചനം, മോട്ടോർ തകരാർ പരിഹാരം എന്നിവയിൽ സമയബന്ധിത നടപടി സ്വീകരിക്കണമെന്ന് എല്ലാ എം.എൽ.എമാരും യോഗത്തിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം രണ്ടാംവിളയിറക്കാൻ തടസ്സമുണ്ടാകുമെന്നും അവർ സൂചിപ്പിച്ചു. ഇത്തരത്തിൽ അടിയന്തരമായി ചെയ്ത് തീർക്കേണ്ട പ്രവർത്തനങ്ങളുടെ വിശദമായ ചെലവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൃഷിനാശം സംബന്ധിച്ച വ്യക്തമായ കണക്കുകൾ സമയബന്ധിതമായി സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരള ഫീഡി‍​െൻറ വില 100 രൂപ കുറച്ച സർക്കാർ തീരുമാനം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന ജില്ലക്ക് ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. വിജയദാസ് പ്രമേയം അവതരിപ്പിച്ചു. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ ഏകദേശം 120 കിലോമീറ്ററോളം റോഡ് തകർന്നതായി പി.കെ. ശശി എം.എൽ.എ ചൂണ്ടിക്കാട്ടി. നിലവിൽ അറ്റകുറ്റപ്പണികൾക്കായി 19 കോടി അനുവദിക്കപ്പെട്ടതായി പി.ഡബ്ല്യൂ.ഡി റോഡ്സ് പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കൂടുതൽ ദുഷ്കരമായ ഗതാഗതപ്രശ്നം നിലവിലുള്ള സ്ഥലങ്ങളിൽ പ്രദേശത്തി​െൻറ സ്വഭാവമനുസരിച്ചുള്ള പ്രവർത്തന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് എക്സി. എൻജിനീയർ അറിയിച്ചു. ഷൊർണൂർ-പട്ടാമ്പി റോഡ് ഗതാഗതം ദുഷ്കരമായി നിലനിൽക്കുന്നതിനാൽ അവിടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് ബന്ധപ്പെട്ട എം.എൽ.എമാർ യോഗത്തിൽ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ കാലതാമസം ഒഴിവാക്കുന്നതിന് നടപടിക്രമങ്ങൽ ലഘൂകരിക്കാനുള്ള സർക്കാർ നിർദേശം വകുപ്പിന് ലഭ്യമാകാൻ സാധ്യതയുള്ളതായി എക്സി. എൻജിനീയർ ചൂണ്ടിക്കാട്ടി. കാട്ടാന ആക്രമണം: പ്രതിരോധിക്കാൻ റബർ ബുള്ളറ്റ്; ഉചിത തീരുമാനമെടുക്കാൻ ഡി.എഫ്.ഒക്ക് നിർദേശം പാലക്കാട്: കാട്ടാന ആക്രമണം പ്രതിരോധിക്കാൻ റബർ ബുള്ളറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഫോറസ്റ്റ് ടെറിറ്ററി ചീഫ് കൺസർവേറ്ററുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കാൻ പാലക്കാട് ഡി.എഫ്.ഒക്ക് കലക്ടർ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും കലക്ടർ അറിയിച്ചു. വനം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ റബർ ബുള്ളറ്റ് ഉപയോഗിക്കണമെന്ന തീരുമാനം വനംവകുപ്പ് നടപ്പാക്കണമെന്ന് യോഗം നിർദേശിച്ചു. വി.എസ്. അച്യുതാനന്ദൻ എം.എൽ.എയുടെ പേഴ്്സനൽ അസി. എൻ. അനിൽകുമാർ മലമ്പുഴ മണ്ഡലത്തിൽ കാട്ടാന ആക്രമണത്തിൽ ഏഴുപേർ മരിച്ചെന്ന് അറിയിച്ചു. ആറങ്ങോട്ട് കുളമ്പിൽ ഇപ്പോഴും ആറ് കാട്ടാനകൾ വിഹരിക്കുന്നു. പുതുശ്ശേരി, ധോണി, മുണ്ടൂർ എന്നിവിടങ്ങളിലും ആനശല്യം രൂക്ഷമാണ്. ആനകളെ പ്രതിരോധിക്കാൻ പ്രദേശവാസികളുടെ സഹകരണവും ഉറപ്പാക്കണമെന്ന് എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, കെ.വി. വിജയദാസ് എന്നിവർ വ്യക്തമാക്കി. സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിന് അനർഹർ കടന്നുകൂടുന്നതും തെറ്റായ വിവരം നൽകുന്നതുമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന്് കലക്ടർ പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ കെ. ബാബു, മുഹമ്മദ് മുഹ്സിൻ, സബ്കലക്ടർ ജെറോമിക് ജോർജ്, എം.ഡി.എം ടി. വിജയൻ, പ്ലാനിങ് ഓഫിസർ എലിയാമ്മ നൈനാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രതിനിധി പി.ഇ.എ. അബ്ദുൽസലാം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.