ഷൊർണൂർ: ഷൊർണൂരിൽ വൈദ്യുതി സ്തംഭനം പതിവായി. പൊറുതിമുട്ടിയ ജനങ്ങൾ പരാതിപ്പെടുമ്പോൾ വൈദ്യുതി നിലക്കുന്നതിെൻറ കാരണം പോലും വിശദീകരിക്കാനാകാതെ ഒളിച്ചോടുകയാണ് അധികൃതർ. ഷൊർണൂർ വൈദ്യുതി മേജർ സെക്ഷനുകീഴിലെ മേഖലയിലെല്ലാം ദിവസവും വൈദ്യുതി മുടക്കമാണ്. കുറച്ച് ദിവസങ്ങളായി രാത്രി വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. പകൽ ചുരുങ്ങിയത് പത്ത് തവണയെങ്കിലും വൈദ്യുതി പോകും. ഉപയോക്താക്കൾ അന്വേഷിച്ചാൽ വൈദ്യുതി ലൈനിലേക്ക് മരം വീണിരിക്കുകയാണെന്ന മറുപടിയാണ് ലഭിക്കുക. എവിടെയാണ് മരം വീണത് എന്ന് ചോദിച്ചാൽ ഒന്നുകിൽ മൗനമോ അല്ലെങ്കിൽ ഫോൺ വിച്ഛേദിക്കുകയോ ആണ് ചെയ്യുന്നത്. രാത്രി വൈദ്യുതി പോയാൽ കെ.എസ്.ഇ.ബി ഒാഫിസിലേക്ക് വിളിച്ചാൽ തിരക്കിലാണെന്ന മറുപടിയാണ് ലഭിക്കുക. രാത്രി വൈദ്യുതി പോയാൽ പിറ്റെ ദിവസം രാവിലെ ഒമ്പതിനോ പത്തിനോ ആണ് തിരിച്ചുവരിക. വേനൽമഴയുണ്ടെങ്കിലും അതിനനുസരിച്ച് ചൂടും കൂടുന്നതിനാൽ ഫാനില്ലാതെ ഉറങ്ങാനാവാത്ത അവസ്ഥയാണ്. മഴ പെയ്തതിനാൽ കൊതുക് ശല്യം വർധിച്ചതും ജനങ്ങളെ വലക്കുന്നു. അതിരാവിലെ ഭക്ഷണം പാചകം ചെയ്യാനും ജോലിക്ക് പോകാനുമുള്ളവരാണ് ഏറെ കഷ്ടപ്പെടുന്നത്. അടിക്കടി വൈദ്യുതി നിലക്കുന്നത് വ്യവസായ മേഖലയായ ഷൊർണൂരിലെ സ്ഥാപനങ്ങളെ ഏറെ വലക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളും വിഷമസന്ധിയിലാണ്. കുടിവെള്ള വിതരണം നടത്തേണ്ട പമ്പ് ഹൗസുകളും പ്രവർത്തിപ്പിക്കാനാകുന്നില്ല. വൈദ്യുതിയുടെ ഒളിച്ചുകളി ഉടൻ ഒഴിവാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.