മലപ്പുറം: എയ്ഡഡ് സ്കൂളിൽ മക്കളെ ചേർത്തതിന് അധ്യാപകരെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സംഭവത്തിൽ സ്വകാര്യ സ്കൂളിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. നിലമ്പൂർ ഗുഡ് ഷെപ്പേഡ് മോഡേൺ ഇംഗ്ലീഷ് സ്കൂളിനെതിരെയാണ് കേസെടുത്തത്. അധ്യാപികമാരായ നീതു ബി. നായർ, നീന വർഗീസ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഒമ്പതിൽ പഠിക്കുന്ന മകനെ എയ്ഡഡ് സ്കൂളിൽ ചേർക്കാൻ ടി.സി ആവശ്യപ്പെട്ടപ്പോഴാണ് നീതു ബി. നായരെ പിരിച്ചുവിട്ടത്. ടി.സി നൽകിയില്ല. മകളെ പ്ലസ് വണ്ണിൽ എയ്ഡഡ് സ്കൂളിൽ ചേർത്തതിനാണ് നീന വർഗീസിനെതിരെ നടപടിയെടുത്തത്. കുട്ടികൾ തുടർന്നും അവിടെത്തന്നെ പഠിക്കണമെന്നാണ് സ്കൂൾ ആവശ്യപ്പെട്ടത്. ഒമ്പതിൽ പഠിക്കുന്ന കുട്ടിക്ക് ടി.സി നൽകണമെങ്കിൽ ഒരു വർഷത്തെ ഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. അധ്യാപികമാരുടെ ശമ്പളം, പി.എഫ്, പെൻഷൻ, മറ്റ് സർവിസ് ആനുകൂല്യങ്ങൾ എന്നിവ നൽകിയില്ല. അസ്സൽ സർട്ടിഫിക്കറ്റ് മടക്കി നൽകാതിരുന്നതിനാൽ മറ്റൊരു ജോലിയിൽ പ്രവേശിക്കാനായില്ല. കുട്ടികളുടെ ടി.സി നൽകാത്തതിനാൽ വിദ്യാഭ്യാസവും മുടങ്ങിയതായി പരാതിയിലുണ്ട്. ജില്ല കലക്ടറും നിലമ്പൂർ പാലുണ്ട ഗുഡ് ഷെപ്പേഡ് മോഡേൺ ഇംഗ്ലീഷ് സ്കൂൾ ട്രസ്റ്റിയും പ്രിൻസിപ്പലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. കേസ് ജൂൺ 12ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.