മണ്ണാർക്കാട്: യു.ഡി.എഫ് ധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയ പ്രസിഡൻറുമാർ രാജിവെച്ചില്ല. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരാണ് യു.ഡി.എഫ് ധാരണ പ്രകാരം തിങ്കളാഴ്ച രാജി വെക്കേണ്ടിയിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് രണ്ടിടത്തും ചേർന്ന ബോർഡ് യോഗങ്ങൾ രാജിക്കാര്യം തീരുമാനമാവാതെ പിരിയുകയായിരുന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ രാജിവെക്കാൻ മുസ്ലിം ലീഗ് പ്രതിനിധിയായ യൂസഫ് പാലക്കൽ തയാറായെങ്കിലും ധാരണ പ്രകാരം രാജിവെക്കേണ്ടിയിരുന്ന കോൺഗ്രസിെൻറ വൈസ് പ്രസിഡൻറ് വി. പ്രീത യോഗത്തിൽനിന്ന് വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് പുറത്ത് പോവുകയായിരുന്നു. ഓഫിസ് സമയം തീരുന്നത് വരെ വൈസ് പ്രസിഡൻറ് തിരിച്ചുവരാത്തതിനെ തുടർന്ന് യു.ഡി.എഫ് ധാരണ പ്രകാരമുള്ള രാജിവെക്കൽ നടന്നില്ല. ഇതേ തുടർന്ന് അലനല്ലൂരിൽ ഗ്രാമപഞ്ചായത്തിലെ ധാരണയും പൊളിഞ്ഞു. കോൺഗ്രസ് പ്രതിനിധിയായ പ്രസിഡൻറ് ഗിരിജയും മുസ്ലിം ലീഗ് പ്രതിനിധിയായ വൈസ് പ്രസിഡൻറ് മെഹർബാൻ ടീച്ചറുമാണ് രാജിവെക്കേണ്ടിയിരുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ മുൻ ധാരണ നടക്കാതിരുന്നതോടെ അലനല്ലൂർ പഞ്ചായത്തിലും തൽക്കാലം രാജിക്കാര്യം നീട്ടിവെക്കുകയായിരുന്നു. മുൻ കാലങ്ങളിൽ പ്രസിഡൻറ് രാജിവെക്കുകയും വൈസ് പ്രസിഡൻറിന് ചുമതല നൽകുകയും പിന്നീട് പുതിയ പ്രസിഡൻറ് സ്ഥാനമേൽക്കുമ്പോൾ വൈസ് പ്രസിഡൻറ് രാജിവെച്ച് സ്ഥാനകൈമാറ്റം നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതിൽ തർക്കങ്ങളുണ്ടായതിനെ തുടർന്നാണ് പ്രസിഡൻറും വൈസ് പ്രസിഡൻറും ഒന്നിച്ച് രാജിവെക്കുക എന്ന ധാരണയുണ്ടാക്കിയത്. എന്നാൽ ഇതും മുന്നണിയിലെ ധാരണ പ്രകാരം നടക്കാത്ത സ്ഥിതിയാണ്. ബ്ലോക്ക് പഞ്ചായത്തിലും അലനല്ലൂർ ഗ്രാമപഞ്ചായത്തിലും രണ്ടര വർഷം വീതമാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനം തുല്യമായി പങ്കിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.