രോഗികൾക്ക് സാന്ത്വനം പകർന്ന് ശശി ഡോക്ടറുടെ സംഗീത കൂട്ടായ്​മ

വള്ളിക്കുന്ന്: കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. വി.പി. ശശിധരൻ, തബല വാദനത്തിൽ ഗിന്നസ് റെക്കോഡിട്ട സുധീർ കടലുണ്ടി, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ നളിൻ മൂൽജി, കർണാടിക് സംഗീതജ്ഞൻ യൂസഫ് താനൂർ എന്നിവരോടൊപ്പം കടലി​െൻറ മക്കളും ചേർന്നതോടെ ഉയർന്നുകേട്ട സംഗീതത്തിൽ മതിമറന്ന് ഒരു കൂട്ടം അർബുദ രോഗികൾ. ഡോ. വി.പി. ശശിധരൻ എന്ന വള്ളിക്കുന്ന്കാരൻ വർഷങ്ങളായി മുടങ്ങാതെ നടത്തുന്ന സംഗീത കൂട്ടായ്മയിൽ ഇത്തവണ എത്തിയത് വള്ളിക്കുന്ന്, കടലുണ്ടി, തേഞ്ഞിപ്പലം എന്നിവിടങ്ങളിൽനിന്നുള്ള അർബുദ രോഗികളായിരുന്നു. രോഗികൾക്ക് സാന്ത്വനം പകരാൻ 2004ലാണ് ശശി ഡോക്ടർ സംഗീത കൂട്ടായ്മ സംഘടിപ്പിച്ചത്. ഡോക്ടറുടെ കൂട്ടായ്മ കേട്ടറിഞ്ഞ് ചെട്ടിപ്പടിയിലെ പ്രവാസി പാരാഡൈസ് ഓർക്കസ്ട്രാ ക്ലബിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും പങ്കുചേർന്നു. പിന്നീട് എല്ലാ വർഷവും ഏപ്രിൽ മാസത്തെ രണ്ടാമത്തെ ശനിയാഴ്ച എത്ര തിരക്കിനിടയിലും ഡോക്ടറും കുടുംബവും ഒരുപറ്റം നാട്ടുകാരും സുഹൃത്തുക്കളും ഇതിനായി മാറ്റിവെക്കുകയായിരുന്നു. ഇത്തവണ മാത്രമാണ് ചില സങ്കേതിക കാരണങ്ങളാൽ മാത്രം അവസാന വാരത്തേക്ക് മാറ്റേണ്ടി വന്നത്. കായൽതീരത്തെ ഡോക്ടറുടെതന്നെ ഉടമസ്‌ഥതയിലുള്ള സ്ഥലത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ ആയിരുന്നു മധുരഗാനങ്ങൾ ഒഴുകിയെത്തിയത്. രോഗികൾക്ക് മരുന്നുകളും പുതുവസ്ത്രങ്ങളും ഭക്ഷണവും സമ്മാനിച്ചാണ് ഡോക്ടർ മടക്കിയയക്കുന്നത്. സംഗീത കൂട്ടായ്മക്ക് പുറമെ നന്ദൻ കടലുണ്ടിയുടെ മാജിക് പ്രദർശനവും നടന്നു. മുൻ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു. കലാനാഥനാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.