മഞ്ചേരി: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്. രണ്ടത്താണി തോഴന്നൂരിലെ പുതുപ്പള്ളി പരേതനായ ബുഹാരി ഹാജിയുടെ മകൻ ജാഫറിനെ (32) കൊലപ്പെടുത്തിയ കേസിെല പ്രതി തോഴന്നൂർ വളപ്പിൽ കോട്ടക്കാരൻ യാസിറിനെയാണ് (24) മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി നാരായണൻ ശിക്ഷിച്ചത്. 2012 ജൂലൈ ഒമ്പതിന് രാത്രിയാണ് സംഭവം. തോഴന്നൂർ അങ്ങാടിക്ക് സമീപം അയൽവാസിയായ യുവാവും പ്രതി യാസിറും ഒരുമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ മദ്യപാനിയായ യാസിറിനോടൊപ്പം ഇരിക്കേണ്ടെന്ന് ജാഫർ അയൽവാസിയോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവം നടന്നത് പ്രതിക്ക് 18 വയസ്സ് പൂർത്തിയാകുന്ന ദിവസമായിരുന്നു. രാത്രി 11ന് ജനിച്ച പ്രതിക്ക് സംഭവം നടന്ന രാത്രി ഒമ്പതിന് 18 വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും അതിനാൽ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് പ്രതി വിചാരണക്ക് മുമ്പ് ഹരജി നൽകിയിരുന്നു. ഹരജി തള്ളിയ കോടതി വിചാരണ നടത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ പി.പി. ബാലകൃഷ്ണനും മുൻ അഡീഷനൽ ഗവ. പ്ലീഡർ അബ്ദുറഹ്മാൻ കാരാട്ടും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.