വളാഞ്ചേരി: അയൽവാസികളുടെ ദാരുണ മരണത്തിൽ മുക്തിനേടാതെ പാലച്ചോട് പ്രദേശം. വട്ടപ്പാറ അപകടത്തിൽ മരിച്ച മൂന്നു പേരുടേയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ആയിരുന്നു വളാഞ്ചേരിയെ നടുക്കിയ അപകടം. വട്ടപ്പാറ ഇറക്കത്തിൽ നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് വളാഞ്ചേരി പാലച്ചോട് പരേതനായ തയ്യിൽ സെയ്തലവിയുടെ ഭാര്യ കദീജ (48), മരുമകൾ ഷാഹിന (25), അയൽവാസിയും ഓട്ടോ ഡ്രൈവറുമായ കാട്ടുബാവ മുഹമ്മദ് നിസാർ (33) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെതന്നെ പോസ്റ്റുമോർട്ടത്തിനയച്ചു. മുഹമ്മദ് നിസാറിെൻറ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം 12.30ഓടെ പാലച്ചോടിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും വളാഞ്ചേരിയിലെ ഓട്ടോ തൊഴിലാളികളുമടക്കം നൂറുകണക്കിന് പേർ ഈ സമയം പ്രദേശത്ത് തടിച്ചുകൂടി. ഫെബ്രുവരി 26ന് ഉംറക്ക് പോയിരുന്ന നിസാറിെൻറ ഉമ്മ ഉമ്മുസൽമ ഉച്ചക്ക് രണ്ടുമണിയോടെ വന്നശേഷമാണ് മൃതദേഹം ഖബറടക്കത്തിനായി കൊണ്ടുപോയത്. വൻ ജനാവലിയുടെ അകമ്പടിയോടെ കോട്ടപ്പുറം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. തിരൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ കദീജയുടേയും ഷാഹിനയുടേയും മൃതദേഹങ്ങൾ ഉച്ചക്ക് 2.30ഓടെയാണ് വീട്ടിലെത്തിച്ചത്. മൂന്നു മാസം മുമ്പ് യു.എ.ഇയിലേക്ക് പോയിരുന്ന ഷാഹിനയുടെ ഭർത്താവ് പുലർച്ചയോടെ തിരിച്ചെത്തി. വീട്ടിൽ പൊതുദർശനത്തിന്വെച്ച മൃതദേഹങ്ങൾ വൈകീട്ട് നാലോടെ തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.