മണ്ണാർക്കാട്: നഗരസഭയുടെ തീരുമാനത്തെ തുടർന്ന് കുന്തിപ്പുഴയിലെ വിവാദമായ മത്സ്യമാർക്കറ്റ് പൂട്ടി. പ്രതിഷേധത്തിെൻറ ഭാഗമായി തൊഴിലാളികൾ നഗരസഭ ബസ് സ്റ്റാൻഡിൽ മത്സ്യമിറക്കി. സഫീറിെൻറ കൊലപാതകത്തോടെ ഗുണ്ട മാഫിയകളുടെ കേന്ദ്രമെന്ന് ആക്ഷേപമുയർന്ന കുന്തിപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ മത്സ്യമാർക്കറ്റാണ് പൂട്ടിയത്. തിങ്കളാഴ്ച രാവിലെ മത്സ്യവുമായി ലോറികൾ എത്തിയെങ്കിലും മാർക്കറ്റ് താഴിട്ട് പൂട്ടി പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. തുടർന്ന് തൊഴിലാളികൾ കോടതിപ്പടിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപമുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം മത്സ്യമിറക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് വന്നു. പിന്നീടാണ് ബസ്സ്റ്റാൻഡിലെത്തി പഴയ കൃഷിഭവൻ കെട്ടിടത്തിന് സമീപം മത്സ്യമിറക്കി വിൽപ്പന നടത്തിയത്. 500ഓളം ചെറുകിട വിൽപ്പനക്കാരാണ് മണ്ണാർക്കാട് മാർക്കറ്റിൽ നിന്ന് വിപണനത്തിനായി മത്സ്യമെടുക്കുന്നത്. മാർക്കറ്റ് പൂട്ടിയ അവസ്ഥയിൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റൊരു സംവിധാനം ഒരുക്കുന്നത് അടിയന്തരമായി പരിഗണിക്കുമെന്ന് നഗരസഭ ഭരണ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.