അഗളി: ഉന്നതവിദ്യാഭ്യാസ സ്ഥാപനം ലക്ഷങ്ങൾ ഫീസ് വാങ്ങിയശേഷം അടച്ചുപൂട്ടിയതോടെ ആദിവാസി വിദ്യാർഥികൾ പെരുവഴിയിൽ. അഗളിയിലെ നളന്ദ ട്രൈബൽ കോളജ് വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ.ടി.ഡി.പിയുടെ ഓഫിസിനടുത്താണ് തട്ടിപ്പ് നടത്തിയ സ്ഥാപനം. രണ്ടുവർഷം നീളുന്ന തൊഴിലധിഷ്ഠിത കോഴ്സ് വാഗ്ദാനം നൽകിയാണ് ആദിവാസി വിഭാഗത്തിലെ ഇരുനൂറിലധികം വിദ്യാർഥികളെ ചേർത്തത്. സർക്കാറിൽനിന്ന് പഠനത്തിനായി ഗ്രാൻറ് ലഭ്യമാക്കുമെന്ന് കോളജ് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിരുന്നു. ഓരോ വിദ്യാർഥികളിൽനിന്നും ഫീസിനത്തിൽ 12,000 രൂപയാണ് ഈടാക്കിയത്. ഹോസ്റ്റൽ ഫീസ് ഇനത്തിൽ 1,500 രൂപയും ഈടാക്കി. എന്നാൽ, ആറുമാസം പിന്നിട്ടപ്പോൾ സ്ഥാപനം പൂട്ടുകയാണെന്ന് വിദ്യാർഥികളെ അറിയിച്ചു. ബി.എസ്.എസ് അംഗീകാരമുെണ്ടന്ന് അവകാശപ്പെട്ട് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത കോഴ്സുകളാണ് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ഡിപ്ലോമ ഇൻ നഴ്സിങ്, ടി.ടി.സി, ലബോറട്ടറി ടെക്നീഷ്യൻ, ഫാർമസി കോഴ്സ്, പേഷ്യൻറ് കെയർ കോഴ്‌സ്, ഡിപ്ലോമ ഇൻ ഫിസിക്കൽ എജുക്കേഷൻ തുടങ്ങിയ കോഴ്സുകളാണ് നടത്തിയിരുന്നത്. ഫീസിനത്തിൽ അടച്ച തുക തിരികെ ലഭിക്കുന്നതിന് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് ഇടപെട്ടതോടെ സ്ഥാപന ഉടമ വിദ്യാർഥികളുടെ പക്കൽനിന്ന് ഈടാക്കിയ തുകയുടെ ഒരുഭാഗം മടക്കി കേസിൽനിന്ന് തടിയൂരാൻ ശ്രമം തുടങ്ങി. കേസെടുത്തിട്ടുെണ്ടന്നും വിദ്യാർഥികളുടെ തുക തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും അഗളി സി.ഐ സലിഷ് എൻ. ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.