ആലത്തൂർ: വീഴ്മലയുടെ താഴ്വരയിലെ പെരുങ്കുളം രഥോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും. തെക്കേ ഗ്രാമം, പടിഞ്ഞാറെ ഗ്രാമം, കാര്യോട്ട് ഗ്രാമം, ഒറ്റവരി ഗ്രാമം എന്നിങ്ങനെ നാല് ഗ്രാമങ്ങൾ ചേർന്ന് നടത്തുന്ന ആഘോഷം ശനിയാഴ്ച രാത്രി സമാപിക്കും. പടിഞ്ഞാറെ ഗ്രാമത്തിലെ ദേവപ്രതിഷ്ഠയായ വരദരാജ പെരുമാൾ മറ്റ് ദേവന്മാരും പരിവാരങ്ങൾക്കുമൊപ്പം കാര്യോട്ട് ഗ്രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാലക്ഷ്മിയെ വിവാഹം കഴിക്കാൻ വരുന്നതും അനുബന്ധ ചടങ്ങുകളുമാണ് രഥോത്സവത്തിെൻറ ഐതിഹ്യം. വ്യാഴാഴ്ച വൈകീട്ടോടെ വരദരാജസ്വാമി, ശിവൻ, ശ്രീകൃഷ്ണൻ എന്നിവർക്കൊപ്പം കാര്യോട്ട് ഗ്രാമക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതാണ് ആദ്യദിന ചടങ്ങ്. വെള്ളിയാഴ്ച ഉച്ചക്കുശേഷം തിരിച്ചുപോകുന്നതാണ് രണ്ടാം ദിവസത്തെ ചടങ്ങുകൾ. ആഘോഷത്തിനായി സജ്ജീകരിച്ചിട്ടുള്ള വലിയ രഥങ്ങൾ നൂറുകണക്കിന് ഭക്തജനങ്ങൾ ആനയുടെ സഹായത്തോടെ എഴുന്നള്ളിക്കുന്നതാണ് ആഘോഷം. രഥം വലിക്കുകയെന്നത് ഭക്ത്യാദരപൂർവം നിർവഹിക്കേണ്ട ചടങ്ങാണ്. ജോലി ആവശ്യാർഥം എവിടെയായിരുന്നാലും ഗ്രാമവാസികൾ രഥോത്സവത്തിന് നാട്ടിലെത്തി പങ്കെടുക്കുകയെന്നതും വിശ്വാസത്തിെൻറ ഭാഗമാണ്. പത്ത് ദിവസംമുമ്പ് തുടങ്ങുന്ന ആഘോഷ ചടങ്ങുകൾ ശനിയാഴ്ച രാത്രി നടക്കുന്ന പാലികാനിമജ്ജനത്തോടെയാണ് സമാപിക്കുക. ജനമൈത്രി ദ്വിദിന പരിശീലനം ഉദ്ഘാടനം പാലക്കാട്: ജനമൈത്രി സുരക്ഷ പദ്ധതി പ്രവർത്തനങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കിയതിെൻറ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ജനമൈത്രി ദ്വിദിന പരിശീലനം ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ പ്രസിഡൻറ് നൂർമുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ഐ അച്യുതാനന്ദൻ, വനിത എസ്.ഐ അനിലകുമാരി, കെ.പി.എ സെക്രട്ടറി ശിവകുമാർ, എ.എസ്.ഐ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ടൗൺ സൗത്ത് സി.ഐ മനോജ് കുമാർ, നെന്മാറ സി.ഐ ഉണ്ണികൃഷ്ണൻ, ഹേമാംബിക നഗർ സി.ഐ പ്രേമാനന്ദകൃഷ്ണൻ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എൽ. രാധാകൃഷ്ണൻ, കുഴൽമന്ദം സി.ഐ സിദ്ദീഖ്, കൊല്ലങ്കോട് സി.ഐ ബെന്നി എന്നിവർ പങ്കെടുത്തു. കമ്പ്യൂട്ടറൈസ്ഡ് എക്സ്റേ സംവിധാനത്തിെൻറ ഉദ്ഘാടനം ഇന്ന് ആലത്തൂർ: പി.കെ. ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച കമ്പ്യൂട്ടറൈസ്ഡ് എക്സ്റേ സംവിധാനത്തിെൻറ ഉദ്ഘാടനം മാർച്ച് ഒന്നിന് വൈകീട്ട് മൂന്നിന് പി.കെ. ബിജു എം.പി നിർവഹിക്കും. 500 എം.എ ശേഷിയുള്ള എക്സ്റേ യൂനിറ്റ് കഴിഞ്ഞവർഷം സ്ഥാപിച്ചിരുന്നു. അതിെൻറ ഉദ്ഘാടനം നിർവഹിക്കുമ്പോൾ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് പി.കെ. ബിജു എം.പി നൽകിയ വാഗ്ദാനമാണ് നിറവേറ്റിയത്. സാധാരണ എക്സ്റേ മെഷീൻ ഉപയോഗിക്കുമ്പോൾ ഒരാൾക്ക് 15 മിനിറ്റ് സമയം വേണ്ടിവരുന്നത് കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തോടെ സമയം അഞ്ച് മിനിറ്റായി കുറയും. സാധാരണ എക്സ്റേയിൽ വർഷത്തിൽ 60,000 രൂപവരെ അനുബന്ധ ചെലവ് വരുന്നുണ്ട് ഇത് ഒഴിവാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.