തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്കു സമീപം ദേശീയപാതയിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും യാത്രക്കാർക്കും ആശ്രയമായ ഇന്ത്യൻ കോഫി ഹൗസിനെ കുടിയിറക്കുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള യൂനിവേഴ്സിറ്റി എംപ്ലോയീസ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയാണ് എ.കെ.ജി പടുത്തുയർത്തിയ സ്ഥാപനത്തെ പടിക്കുപുറത്താക്കുന്നത്. കോഫി ഹൗസിനെ പുറത്താക്കി സ്വകാര്യ ഹോട്ടലിന് കെട്ടിടം കൊടുക്കാനാണ് നീക്കം. കെട്ടിട വാടകയെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ പുറത്താക്കലിൽ എത്തിനിൽക്കുന്നത്. ന്യായനിരക്കിൽ ഭക്ഷണം കൊടുക്കുന്ന സ്ഥാപനമായതിനാൽ അമിതവാടക നൽകി തുടരാൻ പ്രയാസമാണെന്നാണ് കോഫി ഹൗസ് അധികൃതരുടെ വിശദീകരണം. 2011ലാണ് കോഫി ഹൗസ് ഈ കെട്ടിടത്തിൽ ആരംഭിക്കുന്നത്. രണ്ടുവർഷം കൂടുമ്പോൾ 10 ശതമാനം വാടക വർധനയാണ് ആദ്യം കരാറിൽ ഉണ്ടായിരുന്നത്. പിന്നീടത് 15 ശതമാനമാക്കി. 2015ൽ വാടക കരാർ പുതുക്കാതെ കെട്ടിടം ഒഴിയാൻ നോട്ടീസ് കൊടുത്തു. ഇതിനിടെ കൂടിയാലോചനകൾ പല തലത്തിലും നടന്നു. സി.പി.എമ്മിലെ പ്രമുഖർ ഇടപെട്ടു. 2017 ജനുവരി വരെ സൊസൈറ്റി വാടക കൈപ്പറ്റി. അതിനുശേഷം നൽകിയ തുക തിരിച്ചയച്ചു. സി.പി.എമ്മിെൻറ പ്രമുഖ നേതാവ് കോഫി ഹൗസിനെ ഒഴിപ്പിക്കുന്നതിനെ അനുകൂലിച്ചതോടെ ഒഴിഞ്ഞുപോവുകയല്ലാതെ മറ്റു മാർഗമില്ലെന്നായി. മുപ്പതിലേറെ ജീവനക്കാരുടെ ജോലിയും ഇതോടെ അവതാളത്തിലായിരിക്കുകയാണ്. ദിനേന രണ്ടായിരത്തോളം പേരാണ് ഭക്ഷണം കഴിക്കാനെത്തുന്നത്. ലക്ഷക്കണക്കിന് രൂപ കെട്ടിടത്തിൽ കോഫി ഹൗസിനു വേണ്ടി ചെലവഴിച്ചിട്ടുമുണ്ട്. അതൊക്കെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. എംപ്ലോയീസ് സൊസൈറ്റിയുടെ ഭരണസമിതിയിൽ ഇടക്കാലത്ത് മാറ്റം വന്നതോടെയാണ് കോഫി ഹൗസിനുമേൽ നോട്ടംവീണത്. 30ന് ശേഷം ബ്രാഞ്ച് തുറക്കില്ലെന്ന് കാണിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.