അടിസ്ഥാന സ്വകാര്യങ്ങളില്ലാതെ സർവകലാശാല ടാഗോർ നികേതൻ

ദുരിതംപേറി വിദ്യാർഥികൾ, ശുചിമുറികൾ മിക്കതും ഉപയോഗശൂന്യം തേഞ്ഞിപ്പലം: അസൗകാര്യങ്ങളിൽ വീർപ്പുമുട്ടി കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതൻ. ദിനംപ്രതി ആയിരകണക്കിന് വിദ്യാർഥികളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്നത്. ബിരുദ പരീക്ഷകളുടെ സപ്ലിമ​െൻററി, ഇംപ്രൂവ്മ​െൻറ് പരീക്ഷ ഫലം പുറത്തുവന്നതോടെ സർവകലാശാലയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവും ഉണ്ടായിട്ടുണ്ട്. ഉപരിപഠന ആവശ്യാർഥം മാർക്ക് ലിസ്റ്റുകൾ തിരുത്തി വാങ്ങിക്കാനെത്തുന്ന വിദ്യാർഥികളുടെ തിരക്കാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്. ഇതിനായി പണമടക്കുന്നതിന് രാവിലെ 10 മണി മുതൽ വൈകീട്ട് നാലുമണി വരെ നീണ്ട ക്യൂവാണ്. കോളജ് മാറ്റത്തിനും കോഴ്സ് ഡിസ്കൺടിന്യൂ, കോഴ്സ് കാൻസൽ, െറഗുലറിൽനിന്ന് വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറ്റൽ തുടങ്ങി ആവശ്യങ്ങൾക്കുള്ള സമയം ഒരുമിച്ച് വന്നതാണ് സർവകലാശാലയിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കാൻ കാരണം. ഇതിനൊക്കെയുള്ള ഫീസടക്കാൻ വരുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ ചലാൻ കൗണ്ടറിലും തിരക്ക് വർധിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് ചലാൻ കൗണ്ടറുണ്ടെങ്കിലും കഴിഞ്ഞ രണ്ടുദിവസമായി രണ്ട് കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരാൾ അവധിയിലായതാണ് പ്രശ്നം. തിരക്കുള്ള സമയങ്ങളിൽ മറ്റു വിഭാഗത്തിൽനിന്ന് ജീവനക്കാരെ നിയോഗിച്ച് മൂന്ന് കൗണ്ടറും പ്രവർത്തിക്കുകയാണെങ്കിൽ തിരക്ക് ഒഴിവാക്കാനാവും. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. മറ്റ് കോളജുകളിലും സർവകലാശാലകളിലും ഉപരിപഠനത്തിനായി ആവശ്യംവരുന്ന തുല്യത, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ വാങ്ങാനെത്തുന്ന വിദ്യാർഥികളും ഏറെയാണ്. തുല്യത, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാർ ഓഫിസ് സമയം കഴിഞ്ഞും മണിക്കൂറുകളോളം ജോലി ചെയ്താണ് അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നത്. വിവിധ ജില്ലകളിൽനിന്ന് എത്തുന്ന വിദ്യാർഥികളോടൊപ്പമെത്തുന്ന രക്ഷിതാക്കളടക്കമുള്ളവരും കൂടിയാവുന്നതോടെ ടാഗോർ നികേതൻ കെട്ടിടത്തിനുള്ളിൽനിന്ന് തിരിയാനിടമില്ലാത്ത അവസ്ഥയാണ്. വിദ്യാർഥികൾക്ക് ഇരിപ്പിടമില്ലാത്തതിന് പുറമെ അപേക്ഷ ഫോമുകൾ പൂരിപ്പിക്കാൻ പോലും സ്ഥലമില്ല. പത്ത് വർഷം മുമ്പ് സ്ഥാപിച്ച 24 വിദ്യാർഥികൾക്ക് ഇരിക്കാനുള്ള ഇരിപ്പിട സൗകര്യത്തോടെയുള്ള നാല് ടേബിളുകൾ മാത്രമാണ് ഇപ്പോഴുമുള്ളത്. നിരവധി വിദ്യാർഥികൾ വരാന്തയിലെ തറയിലും മറ്റുമായി ഇരുന്നാണ് അപേക്ഷകൾ ഉൾപ്പെടെ എഴുതി തയാറാക്കുന്നത്. ഇവിടെയുള്ള ശുചിമുറികൾ മിക്കതും ഉപയോഗശൂന്യമാണ്. കുടിവെള്ളത്തിനുള്ള സൗകര്യവുമില്ലെന്ന് വിദ്യാർഥികൾ ആക്ഷേപമുന്നയിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.