വള്ളിക്കുന്ന്: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ വള്ളിക്കുന്ന് പ്രൈമറി ഹെൽത്ത് സെൻററിൽ ഒ.പി സമയം വൈകീട്ട് അഞ്ചുവരെ ഉയർത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഇ. ദാസൻ, മെഡിക്കൽ ഓഫിസർ ഡോ. ശീതൾ രവീന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായാണ് സമയമാറ്റം. ഇതിനായി മൂന്ന് ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ ഉച്ചവരെയും ഒ.പി പ്രവർത്തിക്കും. പ്രവൃത്തി സമയങ്ങളിൽ ആധുനിക രീതിയിൽ ഉള്ള ലാബും പ്രവർത്തന സജ്ജമാണ്. ഇതിനു പുറമെ പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കുട്ടികൾ, വയോജനങ്ങൾ, സ്ത്രീകൾ, ഗർഭിണികൾ, കൗമാര പ്രായക്കാർ എന്നിവർക്കായി വിവിധ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ ജീവിത ശൈലി രോഗ നിർണയ ക്ലിനിക്കും പ്രവർത്തിക്കും. ജനകീയാസൂത്രണ പദ്ധതി പ്രകാരം അർബുദ, ഹൃദ്രോഗ, വൃക്കരോഗ ബാധിതർക്ക് നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ പി.എച്ച്.സി വാങ്ങിച്ചുനൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും വള്ളിക്കുന്ന്, അരിയല്ലൂർ പ്രദേശത്ത് ഇതിനായി ക്യാമ്പുകൾ നടത്തുമെന്നും അധികൃതർ പറഞ്ഞു. ആരോഗ്യ ഉപകേന്ദ്രത്തിന് സ്വന്തമായി വാഹനമില്ലാത്തത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റും പ്രയാസമുണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ ഒഴിവും പ്രശ്നമാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള മാനസികാരോഗ്യ ക്ലിനിക്കിെൻറ പ്രവർത്തനം ഏപ്രിൽ 19ന് തന്നെ ആരംഭിച്ചു. ആദ്യക്യാമ്പിൽ 57 പേരാണ് പങ്കെടുത്തത്. ജില്ല മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നത്. ഇവർക്കാവശ്യമായ മരുന്നുകളും നൽകുന്നുണ്ട്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണവും മുൻ വർഷത്തെക്കാൾ കുറവാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യമേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് ഇനിയും ചെയ്യാനുള്ളതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. സ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.