*സ്ഥലത്തെത്തിയ ഭരണസമിതി, സി.പി.എം അംഗങ്ങൾ തമ്മിൽ വാക്കേറ്റം മഞ്ചേരി: വേട്ടേക്കോട് നഗരസഭ സ്ഥലത്ത് പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് സ്ഥാപിക്കുന്നതിെൻറ ഭാഗമായി ക്ലീൻകേരള മിഷനിൽനിന്ന് എത്തിച്ച യന്ത്രങ്ങൾ ഇറക്കുന്നത് പ്രദേശവാസികൾ തടഞ്ഞു. 16.8 ലക്ഷം രൂപ വിലയുള്ള രണ്ട് യന്ത്രങ്ങളാണ് വെള്ളിയാഴ്ച ഉച്ചക്ക് 2.40ന് എത്തിച്ചത്. ഇതിൽ ഒന്ന് ഇറക്കി. രണ്ടാമത്തേത് ഇറക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശവാസികളും സി.പി.എം പ്രാദേശിക നേതൃതവും സംഘടിച്ചെത്തിയത്. പദ്ധതി വേട്ടേക്കോട് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും കൊണ്ടുവന്ന യന്ത്രങ്ങൾ തിരികെ കൊണ്ടുപോകണമെന്നും പ്രദേശവാസികൾ അറിയിച്ചതോടെ ഇവ വൈകീട്ട് ഏഴോടെ തിരികെ കൊണ്ടുപോയി. മുൻവർഷം നഗരസഭ തയാറാക്കിയ പദ്ധതിയാണ് പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ്. കുടുംബശ്രീ പ്രവർത്തകർ പ്ലാസ്റ്റിക് ശേഖരിക്കുകയും അത് വൃത്തിയാക്കി യന്ത്രങ്ങൾ ഉപയോഗിച്ച് കട്ടകളാക്കി മാറ്റി നിർമാണ യൂനിറ്റുകൾക്ക് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ്. യന്ത്രങ്ങൾ എത്തിയതറിഞ്ഞ് നഗരസഭ അധ്യക്ഷ വി.എം. സുബൈദ, ഉപാധ്യക്ഷൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷൻ വല്ലാഞ്ചിറ മുഹമ്മദലി, നഗരസഭ സെക്രട്ടറി സതീശൻ എന്നിവരും സ്ഥലത്തെത്തി. തർക്കം രൂക്ഷമായതോടെ സി.പി.എം കൗൺസിലർമാരും എത്തി. മഞ്ചേരി സി.ഐ എം.ബി. ഷൈജു, എസ്.ഐ അബ്ദുൽ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസുമെത്തി. ഷ്രഡിങ് യൂനിറ്റ് മലിനീകരണപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും യന്ത്രങ്ങൾ ഇറക്കാൻ അനുവദിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടെങ്കിലും പ്രദേശവാസികൾ സമ്മതിച്ചില്ല. നേരത്തേ അശാസ്ത്രീയ മാലിന്യ സംഭരണത്തിനെതിരെ നാട്ടുകാർ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശങ്ങൾ ഉറപ്പാക്കാൻ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവ ഇപ്പോഴും പ്രാവർത്തികമായിട്ടില്ല. വേട്ടേക്കോട് നേരത്തേ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തിച്ചിരുന്നിടത്താണ് പുതിയ യൂനിറ്റും സ്ഥാപിക്കുന്നത്. മാലിന്യസംസ്കരണ യൂനിറ്റ് പ്രദേശത്തെ വീടുകൾക്കും ജലാശയങ്ങൾക്കും വലിയ തോതിൽ ഭീഷണിയായതിനാൽ നിരവധി കുടുംബങ്ങൾ ഇവിടെനിന്നും വീട് വിറ്റുപോയിരുന്നു. പ്രദേശവാസികളുടെ നിരന്തര സമരത്തെ തുടർന്നാണ് ഇവിടെ നഗരസഭ മാലിന്യം തള്ളുന്നത് നിർത്തിയത്. മാലിന്യം സംസ്കരിക്കാനായി 24 ലക്ഷം രൂപ ചെലവിൽ ഇൻസിനറേറ്റർ സ്ഥാപിച്ചത് ഒരു ദിവസം പോലും ഉപയോഗിക്കാനാവാതെ വെറുതെ കിടക്കുകയാണ്. പ്രദേശത്തുകാരുടെ വിശ്വാസം ആർജിച്ചും തെറ്റിദ്ധാരണ മാറ്റിയും വേണം ഇത്തരം പദ്ധതികൾ നടപ്പാക്കാനെന്ന് സി.പി.എം അംഗങ്ങൾ പറഞ്ഞു. പടം.. മഞ്ചേരി വേട്ടേക്കോട് പ്ലാസ്റ്റിക് ഷ്രഡിങ് യന്ത്രങ്ങൾ ഇറക്കുന്നത് പ്രദേശവാസികൾ തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.