എടപ്പാൾ: തിയറ്ററില്‍ ബാലിക പീഡനത്തിനിരയായ കേസിൽ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത നടപടി പൊലീസിെൻറ ഗുരുതര വീഴ്ചയാണെന്ന് സിനിമ താരവും സംവിധായകനുമായ ജോയ് മാത്യു. എടപ്പാൾ ശാരദ തിയറ്ററിലെത്തി ഉടമ ഇ.സി. സതീശനേയും ജീവനക്കാരേയും കണ്ട് അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സദുദ്ദേശ്യത്തോടെ മാതൃകാപരമായ പ്രവൃത്തി നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ച് തിയറ്റർ ഉടമയെ പ്രതിയാക്കിയത് ശരിയല്ല. ഇത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥിതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടവരുത്തുന്നതാണ്. എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഉദ്യോഗസ്ഥർ പല കാര്യങ്ങളിലും തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുമ്പോൾ നീതികേടുകൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എടപ്പാളിലെ തിയറ്ററിൽ ഈ സംഭവം നടന്നതിനു ശേഷം സിനിമ മേഖലയിൽ നിന്നുള്ള ഒരാൾ പിന്തുണയുമായി സന്ദർശിക്കാനെത്തുന്നത് ആദ്യമാണ്. നേരത്തേ വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തിയറ്ററിലെത്തി ഉടമയേയും ജീവനക്കാരേയും അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.