പോത്തുകല്ലില്‍ പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണന സുലൈമാന്‍ ഹാജിക്ക്

എടക്കര: പോത്തുകല്‍ ഉപരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച്. സുലൈമാന്‍ ഹാജിയെ തന്നെയാകും പ്രസിഡൻറ് സ്ഥാനത്തേക്ക് നിയോഗിക്കുക. ഒമ്പത് അംഗങ്ങളുള്ള യു.ഡി.എഫിന് ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള സാഹചര്യം നിലവില്‍ വന്നതോടെ പ്രസിഡൻറ് സ്ഥാനത്തിന് വേണ്ടി തര്‍ക്കം ഉടലെടുക്കാന്‍ സാധ്യതയുള്ളതായി സൂചന. വിജയിച്ച സുലൈമാന്‍ ഹാജിയുമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സി.ആര്‍. പ്രകാശാണ് സുലൈമാന്‍ ഹാജി തന്നെ പ്രസിഡൻറാകും എന്നറിയിച്ചത്. “സുലൈമാന്‍ ഹാജിക്ക് നല്‍കിയ വാക്ക് പാലിക്കും. മറ്റൊരാളെയും പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കില്ല” പ്രകാശ് പറഞ്ഞു. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ സി. കരുണാകരന്‍ പിള്ള പ്രതികരിച്ചതിങ്ങനെ: “പാര്‍ട്ടിയും മുന്നണിയുമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. പാര്‍ട്ടി സംവിധാനത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. അതിനായി ആരെയും ഇതുവരെ ചുമതലപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി തീരുമാനത്തിന് കാക്കാതെ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ മുഖവിലക്കെടുക്കേണ്ടതില്ല”. ഞെട്ടിക്കുളം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വിജയിച്ചതിനെതുടര്‍ന്നാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട് കരുണാകരന്‍ പിള്ളക്ക് പ്രസിഡൻറ് സ്ഥാനമൊഴിയേണ്ടി വന്നത്. പ്രസിഡൻറായിരിക്കെ ഒരു വിഭാഗം കരുണാകരന്‍ പിള്ളക്കെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിച്ചത്. പോത്തുകല്‍ സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനത്ത് നിന്നും കരുണാകരന്‍ പിള്ളയെ മാറ്റാന്‍ എല്ലാ അടവുകളും ഈ വിഭാഗം പയറ്റി. ഒടുവില്‍ പഞ്ചായത്ത് പ്രസിഡൻറായ കരുണാകരന്‍ പിള്ളക്കെതിരെ കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങളെക്കൊണ്ട് അവിശ്വാസത്തിന് നോട്ടീസ് നല്‍കുക വരെ ചെയ്തു. ഒടുവില്‍ പിള്ള ബാങ്ക് പ്രസിഡൻറ് സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പ്രസിഡൻറ് സ്ഥാനം നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് യു.ഡി.എഫ് ക്യാമ്പ് സുലൈമാന്‍ ഹാജിയെ സി.പി.എമ്മില്‍ നിന്ന് അടര്‍ത്തിയതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ പോത്തുകല്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ച സാഹചര്യത്തില്‍ നഷ്ടപ്പെട്ട പ്രസിഡൻറ് സ്ഥാനം തിരികെ വേണമെന്ന കരുണാകരന്‍ പിള്ളയുടെ വാദം ജില്ല നേതൃത്വത്തിന് തള്ളാനുമാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.