പാലക്കാട്: സ്കൂളുകളിൽ പുതുതായി എത്തുന്ന വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ ആശംസ സന്ദേശങ്ങളെത്തി. പരിസ്ഥിതി സംരക്ഷണം, ആരോഗ്യം തുടങ്ങി വിവിധ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളെ ഓർമിപ്പിക്കുന്ന ആശംസ പുസ്തകമാണ് മുഖ്യമന്ത്രി നൽകിയത്. ഇൻഫർമേഷൻ-പബ്ലിക്ക് റിലേഷൻസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പുസ്തകം തയാറാക്കിയത്. എൽ.പി സ്കൂളിലെ കുട്ടികൾക്ക് 'പാഠത്തിനപ്പുറം' പേരിൽ 16 പേജുള്ള പുസ്തകവും യു.പി-ഹൈസ്കൂൾ വിദ്യാർഥികൾക്ക് 'ജീവിതപാഠം' പേരിൽ 24 പേജുള്ള ആശംസ പുസ്തകമുവാണ് നൽകിയത്. പാഠത്തിനപ്പുറം 1,23,500 കോപ്പികളും ജീവിതപാഠം 2,24,500 പുസ്തകങ്ങളുമാണ് ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്യുന്നത്. പുസ്തകത്തിൽ ബഹുവർണങ്ങളിലുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽനിന്ന് എ.ഇ.ഒ ഓഫിസുകൾ വഴിയാണ് പുസ്തകം സ്കൂളുകളിൽ എത്തിച്ചത്. സ്കൂൾ പ്രവേശനോത്സവം വർണാഭം കോങ്ങാട്: അമ്മയുടെ കൈപിടിച്ച് സ്കൂളിൽ ചേരാൻവന്ന കുട്ടികളുടെ മുഖം സന്തോഷഭരിതമായിരുന്നു. സ്കൂൾ മുഴുവൻ തോരണങ്ങളാലും ബലൂണുകളാലും അലങ്കരിച്ചിരുന്നു. കുരുന്നുകൾക്കെല്ലാം വർണതൊപ്പിയും ബലൂണുകളും നൽകി സ്വീകരിക്കാൻ ടീച്ചർമാർ മുന്നിൽ. കുഞ്ഞുങ്ങളെ വരവേൽക്കുന്ന സ്വാഗതഗാനം മൈക്കിലൂടെ കേൾക്കാം. ഇതെല്ലാം കണ്ട് അദ്ഭുത ലോകത്തിലായിരുന്നു പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾ. ജില്ലയിൽ സ്കൂൾ പ്രവേശനോത്സവം നടന്ന കോങ്ങാട് ഗവ. യു.പി സ്കൂളിലാണ് രസകരമായ ഈ കാഴ്ചകൾ. വിദ്യാർഥികളുടെ ഹാജർ കുറയാതിരിക്കാനും 220 അധ്യയനദിവസങ്ങൾ നിർബന്ധമാക്കാനുമാണ് മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുന്നതെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത കെ.വി. വിജയദാസ് എം.എൽ.എ പറഞ്ഞു. കോങ്ങാട് സ്കൂളിൽ നാല് ലക്ഷത്തോളം ചെലവഴിച്ച് വിദ്യാർഥികൾക്ക് രാവിലെയും ഉച്ചക്കും ഭക്ഷണം നൽകാൻ നിർമിച്ച സ്റ്റീം കിച്ചെൻറ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഈ അധ്യയനവർഷം 138 കുട്ടികളാണ് കോങ്ങാട് ഗവ. യു.പി സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. പ്രീ ൈപ്രമറി വിഭാഗത്തിൽ 235 കുട്ടികളുമുണ്ട്. ഇവരുൾപ്പെടെ 450 ഓളം കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു, ജില്ല പഞ്ചായത്ത് അംഗം സി.കെ. രജനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലത, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. സുഭദ്ര, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സേതുമാധവൻ, വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മലയാള ഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന നൃത്തശിൽപം പരിപാടിയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.