ആദ്യക്ഷരത്തിന് ഫസ്​റ്റ് ബെൽ

പട്ടാമ്പി: കളിചിരിയുടെ വേനലവധിക്ക് വിട. ആദ്യക്ഷര ഫസ്റ്റ് ബെല്ലിന് കാതോർത്ത് പുതുനാമ്പുകൾ ഇന്ന് വിദ്യാലയത്തിലേക്ക്. കെട്ടിടങ്ങൾ മോടി പിടിപ്പിച്ചും കളിക്കോപ്പുകളും പഠനോപകരണങ്ങൾ ഒരുക്കിയും വിദ്യാലയങ്ങൾ പുതിയ അധ്യയനവർഷത്തെ സ്വാഗതം ചെയ്യാൻ സജ്ജമായി. നേരത്തേയെത്തിയ കാലവർഷം ജൂണിന് പഴയകാല പ്രൗഢി നൽകി. മഴയും കാറ്റും ശീലക്കുടയും കുസൃതിയുമായി കുരുന്നുകളും മലയാള നാടിന് പുതിയ വിദ്യാഭ്യാസവർഷ കാഴ്ചയൊരുക്കാൻ ഇനി മണിക്കൂറുകൾ. പതിവിൽനിന്ന് വിട്ട് ഇക്കൊല്ലം മാർച്ചിൽതന്നെ പാഠപുസ്തകങ്ങൾ എത്തിയിരുന്നു. മിക്ക വിദ്യാലയങ്ങളും പാഠപുസ്തക വിതരണം പൂർത്തിയാക്കി. സർക്കാർ വിദ്യാലയങ്ങൾ യൂനിഫോമും നൽകിക്കഴിഞ്ഞു. എയ്‌ഡഡ്‌ സ്കൂളുകൾക്ക് ഫണ്ട് കൈമാറിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. അവധിക്കാല പരിശീലനം പൂർത്തിയാക്കിയ അധ്യാപകർ പുതിയ പഠനരീതികളും തന്ത്രങ്ങളുമായി വിദ്യാർഥികളെ കാത്തിരിക്കുകയാണ്. സർക്കാറും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും കൂട്ടായ ശ്രമത്തിലൂടെ പൊതു വിദ്യാലയങ്ങൾക്ക് നൽകിയ ഊർജം ചെറുതല്ല. ഹൈടെക് ക്ലാസ് മുറികളും സ്മാർട്ട് റൂമുകളും സ്വകാര്യ വിദ്യാലയങ്ങളെപ്പോലും അതിശയിപ്പിക്കുന്നതാണ്. അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങൾ വിട്ട് പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ തയാറാവുന്നതും പൊതുവിദ്യാഭ്യാസത്തി‍​െൻറ സ്വീകാര്യത വർധിപ്പിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ ജോലിചെയ്യുന്ന അധ്യാപകർ തങ്ങളുടെ മക്കളെ സ്വകാര്യ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനെതിരെ നടന്ന വ്യാപക പ്രചാരണവും ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.