വേങ്ങര: ഗ്രാമപഞ്ചായത്തിലെ 53 റോഡുകൾ പുതുക്കിപ്പണിയാൻ ടെൻഡർ ചെയ്തതിൽ വൻ അഴിമതിയെന്നാരോപണം. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഭരണപക്ഷത്തെതന്നെ രണ്ടംഗങ്ങൾ ആരോപണവുമായി വന്നത്. ഇ-ടെൻഡർ സംവിധാനത്തിലായിരുന്നു ടെൻഡർ നടപടികൾ. പഞ്ചായത്ത് പ്രസിഡൻറിനെ നോക്കുകുത്തിയാക്കിയാണ് നടപടികളെന്ന് ആക്ഷേപമുണ്ട്. ചില അംഗങ്ങൾ കരാറുകാരുമായി ചേർന്ന് രഹസ്യധാരണയിലെത്തുകയും ടെൻഡർ തുക പരമാവധി കൂട്ടി ലേലമുറപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. അതിെൻറ ഫലമായി പ്രവൃത്തിക്ക് നിശ്ചയിച്ച തുകയുടെ അര ശതമാനത്തിനു താഴെ വരെ കുറച്ചാണ് ടെൻഡറുകൾ എടുത്തത്. പഞ്ചായത്ത് പരമാവധി അഞ്ചുലക്ഷം നിശ്ചയിച്ച റോഡ് 4,96,937 രൂപക്കാണ് ടെൻഡർ പോയത്. ഇത്തരത്തിൽ 53 റോഡുകൾ ഭരണകക്ഷിയില്‍ ചിലരുടെ സ്വന്തക്കാരായ കരാറുകാർക്ക് നൽകിയെന്നാണ് ആരോപണം. അതോടൊപ്പം 15, 16 തീയതികളിൽ പൂർത്തീകരിക്കണമെന്ന് നിശ്ചയിച്ച ടെൻഡർ നടപടികൾ 17നാണ് പൂർത്തീകരിച്ചത്. ഒരു ദിവസം നീട്ടിക്കൊടുത്തത് ആരുടെ സമ്മതപ്രകാരമായിരുന്നു എന്ന ചോദ്യവും യോഗത്തിലുയർന്നു. ഇതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും ചില ഭരണപക്ഷാംഗങ്ങൾ വാദിച്ചു. റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നാട്ടുകാരിൽനിന്ന് വൻ മുറവിളിയുയരുന്ന വേളയിൽ വൻ തുക കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെൻഡർ വൈകിപ്പിച്ചതെന്ന് ആരോപണമുയർന്നു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ. മൻസൂർ ടെൻഡർ സംബന്ധിച്ച വിവരം അവതരിപ്പിച്ചു. ഇ. മുഹമ്മദലി, പി. അബ്ദുൽ അസീസ്, വി.ടി. മൊയ്തീൻ, പി. അച്യുതൻ, ഐക്കാടൻ ചാത്തൻകുട്ടി, കെ.പി. ഫസൽ, ഹസീന ഫസൽ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.