നിലമ്പൂർ: വഴിക്കടവ് വെട്ടുക്കത്തിക്കോട്ട നിവാസികളുടെ റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. വഴിക്കടവ് ടൗണിനോട് ചേർന്ന കുന്നിൻമേലുള്ള കുടുംബങ്ങളുടെ സ്വപ്നത്തിനാണ് നിറം വെക്കുന്നത്. 60 കുടുംബങ്ങളാണ് ഇവിടെ താമസം. അന്തർ സംസ്ഥാന പാതയോരത്താണ് ഇവരുടെ താമസമെങ്കിലും കുന്നിൻമുകളിലായതിനാൽ ദുരിതജീവിതമാണ്. 111 പടവുകളുള്ള മൂന്നടി വഴിയാണ് ഇവരുടെ ഏക ആശ്രയം. മഴക്കാലത്ത് വഴിയിൽ പായൽ നിറഞ്ഞ് ഇതുവഴിയുള്ള യാത്ര ഏറെ അപകടവുമാണ്. കുടിവെള്ളക്ഷാമം ഏറെയുള്ള കുന്നിൻപ്രദേശത്ത് കുടുംബങ്ങൾ താഴെയുള്ള കിണറുകളെയാണ് ആശ്രയിക്കാറ്. വെള്ളക്കുടവുമായി ചെങ്കുത്തായ മലയിലെ പടവുകൾ കയറുന്നത് ഏറെ കഷ്ടമാണ്. ഇവിടെ കോൺക്രീറ്റ് റോഡ് പണിത് നൽകണമെന്നാവശ‍്യപ്പെട്ട് വീട്ടമ്മമാർ പി.വി. അൻവർ എം.എൽ.എയുടെ ഓഫിസിലെത്തി കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച എം.എൽ.എ സ്ഥലം സന്ദർശിച്ചു. കോൺക്രീറ്റ് റോഡ് പണിത് നൽകാമെന്ന് എം.എൽ.എ ഉറപ്പ് നൽകി. ബന്ധപ്പെട്ടവരോട് എസ്റ്റിമേറ്റ് സമർപ്പിക്കാനും അദ്ദേഹം നിർദേശം നൽകി. പടം:2- പി.വി. അൻവർ എം.എൽ.എ വെട്ടുക്കത്തിക്കോട്ട പ്രദേശം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.