നെല്ല് സംഭരണം സ്ഥിരമായി സഹകരണ സംഘങ്ങൾ ഏറ്റെടുക്കും

പാലക്കാട്: കർഷകരിൽനിന്ന് സഹകരണ സംഘങ്ങൾ നെല്ല് സംഭരിച്ച് മായം കലരാത്ത നല്ല അരിയാക്കി പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്യുന്നത് സംസ്ഥാനത്ത് സ്ഥിരമായി നടപ്പാക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലയിലെ കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ബാല​െൻറ അധ്യക്ഷതയിൽ തിരുവനന്തപുരം സെക്രേട്ടറിയറ്റ് അനക്സിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ചിലയിടങ്ങളിൽ നടപ്പാക്കിയിരുന്നു. അന്ന് 26,000 കർഷകർക്കാണ് ഈ സംവിധാനം പ്രയോജനപ്പെട്ടതെങ്കിൽ ഇത്തവണ 78,000 കർഷകർക്ക് ഇത് ഗുണകരമാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഒരു കാരണവശാലും കർഷകരുടെ നെല്ല് പാടത്തു കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സഹകരണ സംഘങ്ങൾ സംഭരണ വില സമയബന്ധിതമായി കർഷകർക്ക് നൽകാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണമന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിനാവശ്യമായ ഗോഡൗൺ സൗകര്യം ഉറപ്പാക്കാനും നെല്ല് അരിയാക്കാൻ ആവശ്യമായ സൗകര്യങ്ങൾ സർക്കാർതലത്തിൽ ഇല്ലാത്തതിനാൽ സ്വകാര്യ മില്ലുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് മില്ലുടമകളുമായി ഉടമ്പടിയിലെത്തുന്നതിനും ജില്ല കലക്ടറെ യോഗം ചുമതലപ്പെടുത്തി. നെല്ല് സംഭരണം സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കുന്നതിന് കലക്ടർ ചെയർമാനും സഹകരണ ജോയൻറ് രജിസ്ട്രാർ കൺവീനറും പ്രിൻസിപ്പൽ കൃഷി ഓഫിസർ, ജില്ല സപ്ലൈ ഓഫിസർ, സിവിൽ സപ്ലൈസ് റീജനൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ എന്നിവർ അംഗങ്ങളുമായി സ്ഥിരം സംവിധാനം രൂപവത്കരിക്കും. സംഭരണവില യഥാസമയം കർഷകരിലെത്തിക്കുന്നതിന് ജില്ല ബാങ്കി​െൻറ നേതൃത്വത്തിൽ 200 കേടി രൂപയുടെ കൺസോർഷ്യം രൂപവത്കരിക്കാൻ സഹകരണ ജോയൻറ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ജില്ലയിലെ മില്ലുടമകളുടെയും സഹകരണ സംഘങ്ങളുടെയും കർഷകരുടെയും പ്രത്യേകം യോഗങ്ങൾ കലക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർക്കും. യോഗത്തിൽ എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, പി. ഉണ്ണി, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, കലക്ടർ ഡി. ബാലമുരളി, സഹകരണ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.