കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തലാക്കിയ ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന് ഉപദേശകസമിതി യോഗം വിലയിരുത്തി. ജിദ്ദയിലേക്ക് സർവിസ് ആരംഭിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനും തീരുമാനിച്ചു. സർവിസ് പുനരാരംഭിക്കാൻ ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി യോഗശേഷം സമിതി ചെയർമാൻ കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. 2015 ഏപ്രിൽ 30 വരെയുണ്ടായിരുന്ന സ്ഥിതി നിലനിർത്തുക എന്നതാണ് പ്രധാനം. ജിദ്ദ സർവിസ് ആരംഭിക്കാൻ അതോറിറ്റിയുടെ ശിപാർശ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) മുന്നിലുണ്ട്. ഇതിൽ അനുവാദം ലഭിക്കാൻ നിലവിൽ തടസ്സമില്ല. 18ന് പാർലെമൻറ് സമ്മേളനം ആരംഭിക്കുന്ന സമയത്ത് എം.പിമാർ കേന്ദ്ര വ്യോമയാന മന്ത്രി, സെക്രട്ടറി, ഡി.ജി.സി.എ എന്നിവരെ കാണാൻ ശ്രമിക്കും. ആവശ്യെമങ്കിൽ പ്രധാനമന്ത്രിയെയും കാണും. എം.പിമാർ ഡൽഹിയിലും പാർലെമൻറിലും സമ്മർദം ചെലുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിദ്ദ സർവിസിന് അനുമതി ലഭിക്കുന്നതോടെ ഹജ്ജ് സർവിസ് ആരംഭിക്കാനാകുമെന്നും വിലയിരുത്തി. സമിതി കൺവീനറായ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജി, കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി. മിഥുന, സമിതി അംഗങ്ങളായ ടി.പി.എം. ഹാഷിർ അലി, കെ.എം. ബഷീർ, എ.കെ.എ. നസീർ, െഎപ്പ് തോമസ്, മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, എയർലൈൻ ഒാപറേറ്റേഴ്സ് കമ്മിറ്റി ചെയർേപഴ്സൺ അഞ്ജു നായർ, എയർ ഇന്ത്യ മാനേജർ റസ അലി ഖാൻ, െഎപ്പ് തോമസ്, പി.വി. ഗംഗാധരൻ, പി.വി. നിധീഷ് തുടങ്ങിയവർ സംസാരിച്ചു. എ.ടി.സി. ജോ. ജനറൽ മാനേജർ മുഹമ്മദ് ഷാഹിദ് നന്ദി പറഞ്ഞു. മറ്റ് പ്രധാന തീരുമാനങ്ങളും നിർദേശങ്ങളും -ബിസിനസ് ക്ലാസ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച് -ടെർമിനലിനുള്ളിലെ ടോയ്ലറ്റുകൾ നവീകരിക്കും. ഇതിനായി മൂന്ന് കോടി അനുവദിച്ചു. -പൊലീസിെൻറ പ്രീ പെയ്ഡ് ടാക്സി കൗണ്ടർ ആരംഭിക്കും. ഇതിനായി പൊലീസുകാരെ ചുമതലപ്പെടുത്താൻ ജില്ല പൊലീസ് മേധാവി അനുവാദം നൽകി. -ഉംറ യാത്രക്കാർക്കുള്ള ഹാൾ ശുചീകരിക്കും. -പാർക്കിങ് പ്രശ്നം പരിഹരിക്കും. ഇതിനായി പ്രത്യേക പ്ലാൻ. പുറത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് നഗരസഭ ഫീസ് ഇൗടാക്കും. -കരിപ്പൂർ പൊലീസിന് വിമാനത്താവളത്തിൽ സ്ഥലം പരിഗണനയിൽ. ഭൂമി ഏറ്റെടുത്ത ശേഷം സ്റ്റേഷൻ കരിപ്പൂരിലേക്ക് മാറ്റും. താൽക്കാലികമായി വിമാനത്താവളത്തിന് മുൻവശത്ത് പഴയ ലാൻഡ് അക്വിസിഷൻ ഒാഫിസ് കൈമാറുന്നത് പരിഗണിക്കും. -ചീക്കോട് കുടിവെള്ള പദ്ധതിയിൽനിന്ന് കരിപ്പൂരിലേക്ക് വെള്ളമെത്തിക്കും. നിലവിലുള്ള പൈപ്പ് ലൈനിനോടൊപ്പം നാട്ടുകാർക്കായി ഒരു കോടിയോളം രൂപ ചെലവിൽ അധിക പൈപ്പ് സ്ഥാപിക്കും. അതോറിറ്റിയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽനിന്ന് തുക അനുവദിക്കുന്നത് പരിഗണിക്കും. -മഴക്കാലത്ത് െകാണ്ടോട്ടി, പള്ളിക്കൽ പ്രേദശങ്ങളിലേക്ക് വെള്ളം ഒഴുകി എത്തുന്ന പ്രശ്നപരിഹാരത്തിനായി സംയുക്ത സമിതി സ്ഥലം സന്ദർശിക്കും. -കെ.എസ്.ആർ.ടി.സി ഫ്ലൈ ബസുകളുടെ സമയക്രമവും റൂട്ടും പുനഃക്രമീകരിക്കണം. -വിമാനത്താവളത്തിന് പരിസരത്തെ റോഡുകൾ നവീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.