ഇ-ഡിസ്​ട്രിക്ട് സേവനങ്ങളുടെ ദുരുപയോഗം നിയന്ത്രിച്ച് സർക്കാർ

പാലക്കാട്: സർക്കാർ സേവനങ്ങൾക്ക് ഓൺലൈനിൽ അപേക്ഷ നൽകാനുള്ള സൗകര്യം ചില ഓൺലൈൻ സേവന കേന്ദ്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയിടാൻ സർക്കാർ ഇടപെടൽ. നിയന്ത്രണങ്ങളുടെ ഭാഗമായി ഓപ്പൺ പോർട്ടൽ മുഖേന ഒരു വ്യക്തിക്ക് ഒരു മാസം ഇ-ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണം പരമാവധി അഞ്ചാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പബ്ലിക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ സർട്ടിഫിക്കറ്റും വൺ ടൈം പാസ്വേഡ് (ഒ.ടി.പി) മുഖേന അനുവദിക്കുന്ന രീതി ഉടൻ നടപ്പാക്കും. ജനസേവന കേന്ദ്രങ്ങളെന്ന പേരിലുള്ള സ്ഥാപനങ്ങൾ അക്ഷയ കേന്ദ്രങ്ങളുടെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ ജാഗ്രത പാലിക്കാനും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത കേന്ദ്രങ്ങൾ അടച്ചുപൂട്ടാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഓൺലൈൻ സേവന കേന്ദ്രങ്ങൾ അനധികൃതമായി ഇ-ഡിസ്ട്രിക്ട് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിരുന്നു. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഐ.ടി മിഷൻ ഡയറക്ടർ സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് അപേക്ഷ ഓൺലൈനായി അയക്കുന്നതിനുള്ള സംവിധാനം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം ഐ.ടി മിഷൻ സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തണം. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളും 2018 സെപ്റ്റംബർ 30നകം ഫൈബർ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനിലേക്ക് മാറണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനായി എല്ലാ അക്ഷയ കേന്ദ്രങ്ങൾക്കും അക്ഷയ ഡയറക്ടർ സ്റ്റാറ്റിക് ഐ.പി അനുവദിക്കും. സംസ്ഥാന സർവിസ് പോർട്ടലിൽ അക്ഷയക്ക് പ്രത്യേക ലോഗിൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഐ.ടി മിഷൻ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.