ലൈഫ് പദ്ധതി കരാറുകാരൻ മുങ്ങിയെന്ന്​; ഗുണഭോക്താക്കള്‍ ടി.ഇ ഓഫിസിലെത്തി ബഹളംവെച്ചു

പൂക്കോട്ടുംപാടം: ലൈഫ് ഭവനപദ്ധതിപ്രകാരം വീട് നിർമിച്ചു നല്‍കുന്നതിനു തുക കൈപ്പറ്റിയ കരാറുകാരൻ മുങ്ങിയെന്നാരോപിച്ച് ഗുണഭോക്താക്കള്‍ പൂക്കോട്ടുംപാടം ട്രൈബൽ എക്സ്റ്റൻഷ്യൽ ഓഫിസിലെത്തി ബഹളം വെച്ചു. അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ്, പറമ്പ, ചേലോട്, നടുക്കുന്ന് പട്ടികവര്‍ഗ കോളനികളില്‍ ഐ.ടി.ഡി.പി നിർമിച്ച് നൽകിയതും വിവിധ കാരണങ്ങളാൽ വീടുപണി പാതിവഴിയിൽ നിലച്ചതുമായ 36 വീടുകൾക്കാണ് ലൈഫ്മിഷന്‍ പ്രകാരം ഫണ്ട് അനുവദിച്ചത്. പൂക്കോട്ടുംപാടം ഐ.ടി.ഡി.പി ഓഫിസ് വഴിയാണ് തുക അനുവദിച്ചത്. എന്നാല്‍, ട്രൈബൽ എക്സ്റ്റൻഷ്യൽ ഓഫിസറുടെ നിർദേശപ്രകാരം വീടുപണി പെെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ കരാറുകാരനെ ഏൽപ്പിക്കുകയായിരുന്നെന്ന് അയ്യപ്പൻകുളം നടുക്കുന്ന് കോളനിയിലെ ശ്രീദേവി, നരിപൊയിൽ തോട്ടേക്കാട് കോളനിയിലെ വഴങ്ങേടത്ത് മാതി എന്നിവർ പറഞ്ഞു. വീട് പണി തുടങ്ങാന്‍ കാലതാമസം വന്നതും കരാറുകാരനെ ഫോണില്‍ വിളിച്ചാല്‍ കിട്ടാത്തതും ഓഫിസില്‍നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പത്തിലധികം വരുന്ന ഗുണഭോക്താക്കള്‍ ടി.ഇ.ഒയെ കാണാന്‍ ഓഫിസിലെത്തിയത്. ടി.ഇ.ഒ വരാത്തതിനാല്‍ പൂക്കോട്ടുംപാടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ടി.ഇ.ഒയുമായി ഫോണില്‍ ബന്ധപ്പെട്ടു. അടുത്ത ദിവസംതന്നെ കരാറുകാരനുമായി സംസാരിച്ചു നടപടി ഉണ്ടാക്കാമെന്ന ഉറപ്പിലാണ് സമരക്കാർ തിരിച്ചുപോയത്. മുന്‍ വര്‍ഷങ്ങളില്‍ ഗുണഭോക്താക്കള്‍ നേരിട്ട് വീട് പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ഇത്തവണ പദ്ധതി കരുവാരക്കുണ്ടിലെ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയത് ഐ.ടി.ഡി.പിയാണ്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് കരാറുകാരന്‍ വരാത്തതെന്നും പണി തുടങ്ങാത്ത പക്ഷം പണം തിരിച്ചു നല്‍കുമെന്നും ടി.ഇ.ഒ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടുകളുടെ ആദ്യഘട്ടം ജൂൈല 31നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അധികൃതരുടെ അനാസ്ഥകാരണം ഇത്തവണയും വീടെന്ന സ്വപ്നം അവതാളത്തിലാവുമോയെന്ന ആശങ്കയിലാണ് ഗുണഭോക്താക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.