*റേഷൻ വിതരണം മുടങ്ങാതിരിക്കാൻ സംവിധാനം പാലക്കാട്: ജില്ലയിലെ 64 ആദിവാസി ഊരുകളിൽ സിവിൽ സപ്ലൈസ് മുഖേന ചിങ്ങം ഒന്ന് മുതൽ നേരിട്ട് റേഷൻ സാധനങ്ങൾ വീടുകളിലെത്തിക്കാൻ ജില്ല വികസന സമിതിയിൽ തീരുമാനം. ആദിവാസി ഊരുകളിൽ റേഷൻ തട്ടിപ്പ് നടക്കുന്നുവെന്നും ആദിവാസികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആദിവാസി ഊരുകളിൽ സപ്ലൈകോ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കാൻ സർക്കാർ തീരുമാനമെടുത്തത്. കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിലാണ് ജില്ല വികസന സമിതി യോഗം ചേർന്നത്. ജില്ലയിൽ റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇ-പോസ് മെഷീനുകൾ തകരാറിലാവുകയും ഇൻറർനെറ്റ് ലഭ്യമാകാതെയുമുള്ള സാഹചര്യത്തിൽ മുമ്പ് നൽകിയത് പോലെ ഗുണഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ നൽകണമെന്നുമുള്ള എം.എൽ.എമാരുടെ ആവശ്യം യോഗം അംഗീകരിച്ചു. വിവിധ ഗോഡൗണുകളിൽ തൊഴിലാളി സമരം കാരണം റേഷൻ വിതരണം മുടങ്ങിയിരുന്നെങ്കിലും ഇത് പരിഹരിച്ചതായി സപ്ലൈകോ റീജനൽ മാനേജർ അറിയിച്ചു. ഇനി മുതൽ റേഷൻ സാധനങ്ങളുടെ 50 ശതമാനം ഓരോ മാസവും 10ാം തീയതിക്കകവും ബാക്കിയുള്ളത് 20ാം തീയതിക്കകവും വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. ഏതെങ്കിലും സാഹചര്യത്തിൽ അരി വൈകിയെത്തിയാൽ അടുത്ത മാസം നിശ്ചിത തീയതി വരെ വിതരണം ചെയ്യാൻ സംവിധാനമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.