പത്തിരിപ്പാല: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഡ്രൈവറുടെയും നാട്ടുകാരുടേയും സന്ദർഭോചിത ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. തീപടർന്നതോടെ നിർത്തിയ ബസിൽനിന്ന് പരിഭ്രാന്തി കാരണം ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കവെ മൂന്ന് യാത്രക്കാർക്ക് തിരക്കിൽ നിസ്സാര പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറോടെ ലെക്കിടി പേരൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം. ഒറ്റപ്പാലത്തുനിന്ന് തിരുവില്വാമല ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിലാണ് മുൻഭാഗം തീപിടിച്ചത്. സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയശേഷം ബസ് മുന്നോട്ട് എടുത്തപ്പോഴാണ് സംഭവം. ബോണറ്റിൽനിന്ന് തീയും പുകയും ഉയർന്നതോടെ ഡ്രൈവർ ബസ് നിർത്തി. ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീയണക്കുകയായിരുന്നു. തിരുവില്വാമല തോട്ടത്തിൽ പറമ്പിൽ കാജാ ഹുസൈെൻറ ഭാര്യ ഷാഫിന അടക്കം മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോണറ്റിലെ ഇലക്ട്രിക്കൽ തകരാണ് തീ പടരാൻ കാരണമെന്ന് കരുതുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് ലെക്കിടിയിൽ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിലും തീയും പുകയും ഉയർന്ന് യാത്രക്കാർ പരിഭ്രാന്തിയിലായി. പാലക്കാട്ടുനിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിലാണ് പുകയുയർന്നത്. ലെക്കിടി കൂട്ടുപാതയിൽ ശനിയാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ബ്രേക് ജാമായതാണ് പുക ഉയരാൻ കാരണം. ഇതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യത; ചിത്രയുടെ നാട്ടിൽ ആഘോഷരാവ് മുണ്ടൂർ: ഗുവാഹത്തിയിൽ പി.യു. ചിത്രയുടെ സുവർണനേട്ടം നാടിെന ആവേശത്തിലാഴ്ത്തി. ആഗസ്റ്റിൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ 1500 മീറ്ററിൽ യോഗ്യത നേടി. ഗുവാഹത്തിയിൽ നടന്ന 58ാമത് ദേശീയ സീനിയർ അത്ലറ്റിക് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ നാല് മിനിറ്റ് 16 സെക്കൻഡ് എന്നതായിരുന്നു അധികൃതർ നിശ്ചയിച്ച യോഗ്യത. എന്നാൽ, നാല് മിനിറ്റ് 11 സെക്കൻഡ് മാത്രം എടുത്ത് ദൗത്യം പൂർത്തിയാക്കി. ലോക ഫുട്ബാൾ മാമാങ്കത്തിെൻറ അലയടികൾക്കിടയിലും പി.യു. ചിത്രയുടെ അഭിമാനനേട്ടം ഗ്രാമീണ മേഖലയിലെ വിവിധ കലാ-കായിക വേദികൾ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഷിജിനാണ് ചിത്രയുടെ പരിശീലകൻ. മുണ്ടൂർ പാലക്കീഴ് ഉണ്ണികൃഷ്ണെൻറയും വസന്തയുടെയും മകളാണ് പി.യു. ചിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.