തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായികവിഭാഗം പ്രവേശന റാങ്ക് പട്ടികയിൽ അട്ടിമറിയെന്ന് എം.എസ്.എഫ് ഇൻറഗ്രേറ്റഡ് ബി.പി.എഡ്, എം.പി.എഡ് റാങ്ക് പട്ടികയിലാണ് അട്ടിമറി നടന്നതെന്ന് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രസിഡൻറ് ടി.പി. ഹാരിസ്, ജനറൽ സെക്രട്ടറി വി.പി. അഹമ്മദ് സഹീർ എന്നിവർ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീറിന് നിവേദനം നൽകി. ബി.പി.എഡിന് പ്രായപരിധിയിൽ ഒരുമാസം കഴിഞ്ഞ വിദ്യാർഥികളെ പട്ടികയിൽനിന്ന് ഒഴിവാക്കിയും എം.പി.എഡിൽ 35 വയസ്സ് കഴിഞ്ഞവരെ ഉൾപ്പെടുത്തുകയും ചെയ്തു. കായികവിഭാഗം ഡയറക്ടറുടെ ചുമതലയുള്ളയാൾ അട്ടിമറി നടത്താൻ ശ്രമിച്ചതായ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന് നേതൃത്വം ആരോപിച്ചു. യോഗ്യതയുള്ള വിദ്യാർഥികളെ തഴഞ്ഞ് ചില തൽപരകക്ഷികളുടെ സമ്മർദത്തിന് വഴങ്ങി ഇത്തരത്തിൽ പട്ടിക തയാറാക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളുടെയും പെർഫോമൻസിെൻറയും അടിസ്ഥാനത്തിലുള്ള മാർക്ക്, പ്രായപരിധി, പ്രായം എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പരാതിയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. സുതാര്യത ഉറപ്പ് വരുത്താത്തപക്ഷം സമരപരിപടികളുമായി മുന്നോട്ടുപോവുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.