നാട്ടിടവഴികളിൽ വീണ്ടും കാട്ടാനകൾ; വിറങ്ങലിച്ച് ജനം

മാത്തൂർ: മാസങ്ങളുടെ ഇടവേളക്ക് ശേഷം നാട്ടിടവഴികളിൽ ഒരിക്കൽകൂടി കാട്ടാനകൾ. ധോണി വനത്തിൽനിന്ന് ദിവസങ്ങൾക്ക് മുമ്പ് പാലക്കാട്-ചെർപ്പുളശ്ശേരി റോഡിലൂടെ അയ്യർമലയിലെത്തി തമ്പടിച്ച പിടിയാനയും കുട്ടിയാനയുമാണ് ചൊവ്വാഴ്ച രാവിലെ ആറിന് മാത്തൂരിലെത്തി ഇടവഴികളിലൂടെ വിഹരിച്ചത്. വനംവകുപ്പ്-പൊലീസ് സംഘം സ്ഥലത്ത് കർശനകാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആനയെ രാത്രി വൈകിയും തുരത്താനായില്ല. ജനങ്ങൾ കൂടിയതും തുരത്താൻ തടസ്സമായി. രാത്രി പത്തോടെ പാലപ്പൊറ്റ കാവിൽ ഭഗവതിക്ഷേത്ര പരിസരത്തെത്തി. രാവിലെ ആറിന് മാത്തൂർ മന്ദംപുള്ളിയിലെത്തിയ ആനകൾ രാരക്കാട് ഗോപാലകൃഷ്ണ​െൻറയും പങ്കജാക്ഷൻ മാസ്റ്ററുടെയും തേക്കിൻ തോട്ടത്തിലാണ് ആദ്യം തമ്പടിച്ചത്. അയ്യർമലയിൽനിന്ന് കിണാവല്ലൂർ ആറുപുഴ കടന്ന് എടത്തറ ചെങ്കാറ്റൂർ വഴിയാണ് ഇവ സഞ്ചരിച്ചത്. കണ്ണാടിപ്പുഴ കടന്ന് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം വഴി കോട്ടായി-പുടൂർ റോഡിലൂടെ കരിയങ്കോട്ടെത്തി അവിടെനിന്ന് കാപ്പിക്കാട് വഴിമുലോട് പ്രദേശത്തിലൂടെയാണ് മന്ദംപുള്ളിയിലെത്തിയതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. പ്രദേശത്ത് ആനയുടെ കാലടയാളം കാണുന്നുണ്ട്. എടത്തറ മേലേപ്പറമ്പ് എം.സി. മാധവ‍​െൻറയും മേലാമുറി-കുളപ്പുള്ളി സംസ്ഥാനപാതയിൽ എടത്തറ ആഞ്ജനേയ ക്ഷേത്രത്തി‍​െൻറ എതിർവശത്തുള്ള 'തുളസി' ഭവ‍​െൻറയും തൊട്ടുള്ള വീടി​െൻറയും മതിലുകൾ ആനകൾ തകർത്തു. പല കർഷകരുടെയും നെല്ല്, വാഴ കൃഷികളും നശിപ്പിച്ചു. ആനകൾ തമ്പടിച്ച പ്രദേശത്ത് ജനവാസം കുറവാണ്. അയ്യർമലയിൽനിന്ന് കുട്ടിയാനയുമായി ഒറ്റരാത്രികൊണ്ട് ഇത്ര ദൂരം സഞ്ചരിച്ചതും അദ്ഭുതമാണ്. ഡി.എഫ്.ഒ സുരേന്ദ്രനാഥ് വെള്ളൂരി, ഒലവക്കോട് റേഞ്ച് ഓഫിസർ രാകേഷ്, ആലത്തൂർ റേഞ്ച് ഓഫിസർ അജിത്, കോട്ടായി സബ് ഇൻസ്പെക്ടർ സി.വി. രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് ടി.എം. പുഷ്പദാസ്, എലിഫ​െൻറ് സ്ക്വാഡ്, ജനപ്രതിനിധികൾ എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.