സകരിയ്യയുടെ വിചാരണത്തടവിന്​ ഒമ്പതുവർഷം, മോചനം അരികെയെന്ന് പ്രതീക്ഷ

മലപ്പുറം: ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി സകരിയ്യയുടെ ജയില്‍ ജീവിതത്തിന് ഒമ്പതുവര്‍ഷം. നിരപരാധിത്വം ബോധ്യപ്പെടുത്തിയിട്ടും അനന്തമായി കേസ് നീണ്ടതോടെ മോചനവും നീണ്ടു. കൗമാരം വിട്ടയുടൻ കേസിൽ ഉൾപ്പെട്ട സകരിയ്യയുടെ യുവത്വത്തി​െൻറ വലിയൊരു ഭാഗവും ജയിലിലായി. ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ കേസ് വിസ്താരം അവസാനഘട്ടത്തിലാണ്. വൈകാതെ നിരപരാധിത്വം തെളിഞ്ഞ് പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അന്വേഷണ ഉദ്യോഗസ്ഥരുടെ വിചാരണയാണ് നിലവിൽനടക്കുന്നത്. ഇതുകഴിഞ്ഞ് പ്രതിപ്പട്ടികയിലുള്ളവരുടെ വിചാരണ ആരംഭിക്കും. എങ്കിലും അന്തിമവാദത്തിനും വിധി പ്രസ്താവനത്തിനും മാസങ്ങൾ എടുക്കും. 2008ലെ ബംഗളൂരു സ്ഫോടന കേസില്‍ 2009 ഫെബ്രുവരി അഞ്ചിനാണ് സകരിയ്യ അറസ്റ്റിലായത്. ജോലിചെയ്തിരുന്ന തിരൂരിലെ കടയില്‍നിന്നായിരുന്നു 19ാം വയസ്സില്‍ യു.എ.പി.എ പ്രകാരം അറസ്റ്റ്. സ്ഫോടനക്കേസിലെ എട്ടാം പ്രതിയാണ് സകരിയ്യ. എട്ട് വര്‍ഷത്തിനുശേഷം 2016 ആഗസ്റ്റിലാണ് സഹോദര​െൻറ വിവാഹത്തിന് മൂന്നുദിവസത്തെ ജാമ്യത്തില്‍ സകരിയ്യ ആദ്യമായി വീട്ടിലെത്തിയത്. പിന്നെ ഒരിക്കൽകൂടി ജാമ്യം കിട്ടി. അത് പക്ഷേ, സങ്കടക്കടലിലേക്കായിരുന്നു. ജ്യേഷ്ഠൻ മുഹമ്മദ് ശരീഫി​െൻറ മരണം ദുഃഖം നിറച്ച വീട്ടിലേക്ക്. അന്നും രണ്ടാംദിനം മടങ്ങി. സ്ഫോടനത്തിന് മൈക്രോ ചിപ്പുകളും ടൈമറുകളും നാലാംപ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചുനല്‍കി എന്നതാണ് സകരിയ്യക്കെതിരായ കുറ്റം. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ത്വരീഖത്ത് ക്ലാസില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതാണ് മറ്റൊരു മൊഴി. എന്നാല്‍, ഇതിന് സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയവര്‍തന്നെ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി. കോടതിയിലും ഇവർ ഇതേ നിലപാട് അറിയിച്ചിട്ടുണ്ട്. സകരിയ്യയുമായി ബന്ധപ്പെട്ട സാക്ഷികളുടെ വിസ്താരം വര്‍ഷങ്ങൾക്ക് മുമ്പ് പൂര്‍ത്തിയായി. മറ്റു സാക്ഷികളുടെ വിസ്താരവും പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, കേസ് ഇനിയും നീണ്ടുപോകുമെന്ന ആശങ്കയിൽ ജാമ്യത്തിനായി സകരിയ്യ കർണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. എൻ.െഎ.എ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.