അട്ടപ്പാടിയിലെ കഞ്ചാവ് റെയ്ഡ്​: മതിയായ ജീവനക്കാരില്ലാതെ വനംവകുപ്പ്

അഗളി: അട്ടപ്പാടി വനമേഖലകളിലെ കഞ്ചാവ് റെയ്ഡുകൾക്ക് മതിയായ സന്നാഹങ്ങളില്ലാതെ വനംവകുപ്പ് വലയുന്നു. 465 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മണ്ണാർക്കാട് വനം ഡിവിഷൻ സംരക്ഷിക്കാൻ ഇരുന്നൂറോളം ജീവനക്കാരാണ് ആകെയുള്ളത്. ഇതിൽ 110 ജീവനക്കാർ ആദിവാസി വിഭാഗത്തിൽപെട്ടവരാണ്. 30 പേർ വനിതകളാണ്. അഹാഡ്സ് പദ്ധതി നിർത്തലാക്കിയതോടെ ആദിവാസി വിഭാഗത്തിലുൾപ്പെട്ട ജീവനക്കാരെ പുനർവിന്യസിച്ചതിൽപെട്ടവരാണ് ഭൂരിഭാഗവും. ഇവർക്ക് മതിയായ പരിശീലനവും ലഭിച്ചിട്ടില്ല. കാട് സംരക്ഷിക്കുന്നതിന് പുറമെ കാടിറങ്ങുന്ന വന്യമൃഗങ്ങളിൽനിന്ന് പ്രദേശവാസികൾക്ക് സംരക്ഷണം നൽകുകയെന്ന ദൗത്യവും ഇവർക്ക് നിറവേറ്റേണ്ടി വരുന്നു. അട്ടപ്പാടിയിലെ ഷോളയൂർ, നെല്ലിപ്പതി, നക്കുപ്പതി, ഗുളിക്കടവ് തുടങ്ങിയ ഇരുപതോളം ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞമാസം വനംമന്ത്രി പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും കാട്ടാനപ്രശ്നം പരിഹരിക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു. അട്ടപ്പാടി മേഖലയിൽ വനം ജീവനക്കാരുടെ കുറവുമൂലം ഇതര മേഖലകളിൽനിന്ന് വനപാലകരെ എത്തിച്ചാണ് പ്രശ്നത്തിന് താൽകാലിക പരിഹാരമുണ്ടാക്കിയത്. മറയൂരിലുള്ളതിലും അധികം ചന്ദനമരങ്ങൾ വളരുന്ന വനമേഖലയാണ് അട്ടപ്പാടി. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 72 പേരാണ് ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത്. മാവോവാദി മേഖലകളിൽ പരിശോധനക്ക് പോകുന്ന വനിതകളടക്കമുള്ള ജീവനക്കാർക്കുള്ള ആയുധങ്ങൾ കുറുവടിയും വെട്ടുകത്തിയുമാണ്. കഴിഞ്ഞ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ മാവോവാദി മേഖല അടങ്ങുന്ന പ്രദേശങ്ങളിൽ നടത്തിയ റെയ്ഡ് സംഘത്തിൽ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിലുൾപ്പെട്ട വനിതകളുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.