മഞ്ചേരി: സർക്കാർ നിർമാണ പ്രവൃത്തികളുെട കാര്യക്ഷമതയും സുതാര്യതയും പരിശോധിക്കാൻ രൂപവത്കരിച്ച പൊതുസമിതി പ്രവർത്തനം തുടങ്ങിയില്ല. തുടക്കം മുതൽ കരാറുകാരാണ് എതിർത്തിരുന്നതെങ്കിൽ ഇപ്പോൾ മരാമത്ത് വകുപ്പിൽ നിന്നുതന്നെ എതിർപ്പുണ്ട്. ജില്ല പഞ്ചായത്ത് അധ്യക്ഷൻ ചെയർമാനായി അഞ്ച് മുതൽ ഏഴു വരെ അംഗങ്ങളുള്ള സമിതികളാണ് ജില്ലകളിൽ. കോർപറേഷനുകളുള്ളിടത്ത് ഡെപ്യൂട്ടി മേയറാണ് വൈസ് ചെയർമാൻ. രാഷ്ട്രീയക്കാർ ഇത്തരം സമിതികളിൽ വരുന്നത് കരാറുകാർ എതിർത്തതാണ്. പലനിലക്കും പകപോക്കലിന് കാരണമാവുമെന്നായിരുന്നു ആക്ഷേപം. മോണിറ്ററിങ് സംവിധാനം എങ്ങനെ മുന്നോട്ട് പോവണമെന്നത് സംബന്ധിച്ച് സമിതി അംഗങ്ങൾക്ക് കൃത്യമായ രൂപരേഖ നൽകാത്തതിനാലാണ് പ്രവർത്തനം വൈകിയത്. ജനപ്രതിനിധികളും വിവിധ വകുപ്പ് പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയിൽ ജില്ല തലത്തിൽ ഒരു ഉദ്യോഗസ്ഥനെ അധിക ചുമതല നൽകി വിജിലൻസ് ഒാഫിസറാക്കിയിരുന്നു. മരാമത്ത് വകുപ്പിെൻറ നിർമാണം സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് ഉണ്ടാവുന്ന പരാതികൾ പരിശോധിക്കുകയും വിശദ അന്വേഷണവും നടപടിയും വേണ്ടതുണ്ടെങ്കിൽ അതിന് സർക്കാർ തല നടപടിക്ക് ശിപാർശ ചെയ്യലുമാണ് സമിതിയുടെ ചുമതല. ക്രമക്കേടുകൾ സർക്കാറിനെ അറിയിക്കുംവരെ റിപ്പോർട്ട് പുറത്തുവിടുകയോ പരാതിക്കാരന് നൽകുകയോ ചെയ്യില്ല. സമിതിയിൽ എൻജിനീയറിങ് മേഖലയിൽ സേവനം ചെയ്യുന്നവരുമുണ്ട്. മൂന്ന് വർഷത്തേക്ക് 2017 ഡിസംബർ 12ന് സമിതി അംഗങ്ങളെ നിശ്ചയിച്ച് മാർഗനിർദേശം നൽകിയതാണ്. മിക്കയിടത്തും സമിതി പ്രവർത്തനം ആരംഭിച്ചിട്ടില്ല. പരാതികളിൽ കഴമ്പുണ്ടെന്ന് ബോധ്യം വന്നാൽ വകുപ്പുതല വിജിലൻസിന് കൈമാറണം. അന്വേഷണവും നടപടിയും പിന്നെ അവർ ചെയ്യും. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് അയച്ചുനൽകാനാണ് നിർദേശം. ഇത് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നിരിക്കെ സമിതിയുടെ ആവശ്യമെെന്തന്ന ചോദ്യവുമുണ്ട്. സർക്കാർ മാർഗനിർദേശങ്ങൾ അടുത്തിടെയാണ് കിട്ടിയതെന്നും അടുത്ത ആഴ്ച തന്നെ യോഗം ചേരുമെന്നും മലപ്പുറം ജില്ല മോണിറ്ററിങ് സമിതി അധ്യക്ഷൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.