പാലക്കാട്: മുനിസിപ്പല്‍ ബസസ്റ്റാന്‍ഡിന് സമീപത്തെ മൂന്നുനില സ്വകാര്യ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനും പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാനുമായി പാലക്കാട് ജില്ല ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. തകര്‍ന്നുവീണ കെട്ടിടത്തിന് മുനിസിപ്പല്‍ രേഖകള്‍ പ്രകാരം 49 വര്‍ഷത്തെ പഴക്കമുണ്ട്. കെട്ടിടത്തിെൻറ കാലപ്പഴക്കം, നാശനഷ്ടം എന്നിവ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് കലക്ടര്‍ നിർദേശം നല്‍കി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപ്പണി ചെയ്തുവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മൂന്നുനില കെട്ടിടത്തിെൻറ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ഏഴ് കടകളും ഒന്നാം നിലയിലെ അഞ്ച് സ്ഥാപനങ്ങളും രണ്ടാം നിലയിലെ ലോഡ്ജും പൂര്‍ണമായും തകര്‍ന്ന് നിലം പതിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു, പൊലീസ്, ജില്ല മെഡിക്കല്‍ വിഭാഗം എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ജില്ലയില്‍ കുറച്ച് ദിവസങ്ങളായി ക്യാമ്പ് ചെയ്ത് വരുന്ന ദേശീയ ദുരന്ത നിവാരണ സേനയിലെ 12 പേരും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 ഉദ്യോഗസ്ഥരടങ്ങുന്ന ദേശീയദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു. തകര്‍ന്ന കെട്ടിടത്തിെൻറ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിച്ച് വരികയാണ്. മുനിസിപ്പൽ സ്റ്റാൻഡിലേക്ക് പ്രവേശിക്കരുത് പാലക്കാട്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്തേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി, കോങ്ങാട്, ശ്രീകൃഷ്ണപുരം ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിച്ച് ആളെ ഇറക്കി ബൈപാസ് വഴി തിരിച്ചുപോകണം. പെരിങ്ങോട്ടുകുറുശ്ശി, പൂടൂർ, കോട്ടായി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ടൗൺ സ്റ്റാൻഡിൽ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകണം. ആലത്തൂർ, കുഴൽമന്ദം, കുത്തനൂർ, പെരിങ്ങോട്ടുകുറുശ്ശി, ചുങ്കമന്ദം ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ഐ.എം.എ ജങ്ഷൻ വഴി സ്േറ്റഡിയം സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ബൈപാസ് റോഡ് വഴി ഐ.എം.എ ജങ്ഷൻ സിവിൽ സ്േറ്റഷൻ വഴി തിരിച്ചുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.