മലപ്പുറം: അംഗീകാരം കിട്ടിയ ജില്ലയിലെ കെ.പി.സി.സി അംഗങ്ങളുടെ 32 അംഗ പട്ടികയിൽ 16ഉം പുതുമുഖങ്ങൾ. അവസാന നിമിഷം നടന്ന അപ്രതീക്ഷിത വെട്ടിത്തിരുത്തലുകൾക്കൊടുവിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദ് അലി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീൻ, കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. രോഹിത് എന്നിവർ അവസാനം നിമിഷം കയറിക്കൂടിയപ്പോൾ ജില്ലയിലെ പ്രഗല്ഭ നേതാവ് യു.കെ. ഭാസി പുറത്തായി. പി.കെ. കുഞ്ഞിപ്പോക്കർ മാസ്റ്ററും അവസാന നിമിഷം തഴയപ്പെട്ടു. 15 വർഷം ഡി.സി.സി പ്രസിഡൻറും 10 വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന യു.കെ. ഭാസി നാല് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് കെ.പി.സി.സിയിൽനിന്ന് പുറത്ത് പോവുന്നത്. ജില്ലയിലെ എ ഗ്രൂപ് സംവിധാനത്തെ നയിച്ചതിൽ ആര്യാടൻ മുഹമ്മദ് പോലെതന്നെ നിർണായക പങ്ക് വഹിച്ച യു.കെ. ഭാസിയുടെ കെ.പി.സി.സി യിലെ അസാന്നിധ്യം ചർച്ചയാവുമെന്ന് തീർച്ച. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീൻ, സെക്രട്ടറിമാരായ കെ.ടി. അജ്മൽ, യു.കെ. അഭിലാഷ്, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയ്, മുൻ വൈസ് പ്രസിഡൻറ് എ.എം. രോഹിത്, മുൻ സെക്രട്ടറി അഡ്വ. ശിവരാമൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. നൗഷാദ് അലി, എം. ഹരിപ്രിയ എന്നിവരാണ് പട്ടികയിലെ യുവപ്രാതിനിധ്യം. ഇരു ഗ്രൂപ്പുകളുടെയും കടുത്ത എതിർപ്പിനെ മറികടന്നാണ് എം.ഐ. ഷാനവാസ് എം.പിയുടെ പിന്തുണയോടെ അരീക്കോട് ബ്ലോക്കിൽനിന്ന് കെ.പി. നൗഷാദ് അലി കെ.പി.സി.സി മെംബറായത്. വി.എം. സുധീരൻ നിർദേശിച്ച സിദ്ദീഖ് പന്താവൂർ പട്ടികയിലിടം പിടിച്ചില്ല. ഡോ. എം. ഹരിപ്രിയക്ക് പുറമെ നിലമ്പൂർ നഗരസഭ ചെയർപേഴ്സൻ പദ്മിനി ഗോപിനാഥ് മാത്രമാണ് വനിത പ്രാതിനിധ്യം. ഇ. മുഹമ്മദ് കുഞ്ഞി, ബെന്നി തോമസ്, എം. വിജയകുമാർ, എൻ.എ. കരീം, എം.എൻ. കുഞ്ഞഹമ്മദ് ഹാജി, പറമ്പൻ റഷീദ്, പി. ശങ്കരനാരായണൻ നമ്പൂതിരി എന്നിവരാണ് പട്ടികയിലെ മറ്റു പുതുമുഖങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.