വേങ്ങര: മണ്ഡലം രൂപപ്പെട്ടതു മുതൽ പച്ചപ്പട്ട് പുതച്ച വേങ്ങരയിൽ ഇക്കുറി തെരഞ്ഞെടുപ്പ് ചർച്ചയൊക്കെയും വികസന കാര്യങ്ങളിൽ. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും അടക്കി വാഴുന്ന ലീഗിനെ സംബന്ധിച്ചേടത്തോളം ഇത്തവണ ഭൂരിപക്ഷം കൂടുമോ കുറയുമോ എന്നത് മാത്രമാണ് ചർച്ച. ലീഗിലെ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായിരുന്ന വേങ്ങരയിൽനിന്ന് അദ്ദേഹം മലപ്പുറത്തേക്ക് ചുവട് മാറ്റിയതോടെയുണ്ടായ അഭ്യൂഹങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നതാണ് പിന്നീട് കണ്ടത്. യുവനേതാവ് കെ.എം. ഷാജി വേങ്ങരയിൽ മത്സരിക്കാനെത്തിയതോടെ യു.ഡി.എഫിലെ യൂത്ത് വിഭാഗത്തിനും ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
അതേസമയം, ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ സ്വതന്ത്രനായി മത്സരിച്ച കെ.പി. സബാഹിനെയാണ് ഇത്തവണ എൽ.ഡി.എഫ് സ്വതന്ത്രനായി കളത്തിലിറക്കിയത്. കേവലം റോഡുകൾ മിനുക്കിയതല്ലാതെ മറ്റൊരു വികസനവും വേങ്ങരക്കെത്തിയില്ല എന്നതാണ് സബാഹിന്റെ പ്രധാന ആരോപണം.യു.ഡി.എഫ് ഭരണ കാലത്ത് ഒരു വ്യവസായംപോലും എം.എൽ.എക്ക് കൊണ്ടു വരാനായില്ലെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞകാലങ്ങളിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഉയർത്തികാട്ടിയാണ് യു.ഡി.എഫ് ഇതിനെ പ്രതിരോധിക്കുന്നത്. മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിൽ മെംബർമാരുള്ള വെൽഫെയർ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിനുണ്ട്.എസ്.ഡി.പി.ഐ എൽ.ഡി.എഫ് സ്വതന്ത്രനെ പിന്തുണക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.എൻ.ഡി.എയുടെ വി.എൻ ജയകൃഷ്ണനും സാന്നിധ്യമറിയിക്കാൻ വേങ്ങരയിൽ മത്സരിക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഷാജി യു.ഡി.എഫ് പ്രവർർത്തകർക്കൊപ്പം പ്രഭാത സവാരിയിൽ
മണ്ഡലത്തിലെ യുവാക്കളെ മാറ്റി നിർത്തിക്കൊണ്ട് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ കായിക വേങ്ങരയെ അടയാളപ്പെടുത്തുന്ന ഒരു സ്റ്റേഡിയ നിർമാണത്തിനു മുന്തിയ പരിഗണന നൽകും.
എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സബാഹ് വോട്ടഭ്യർഥനക്കിടെ കുഞ്ഞിനെ താലോലിക്കുന്നു
വേങ്ങരയിൽ നടക്കാതെ പോയ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ജനങ്ങളോടൊപ്പമുണ്ടാവും. യുവാക്കളുടെ മുഴുവൻ പിന്തുണയും തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.