മലപ്പുറം: പത്ത് വർഷമായി എൽ.ഡി.എഫ് സർക്കാറിന്റെ നേതൃത്വത്തിൽ, സമാനതകളില്ലാത്ത വികസനമാണ് കേരളത്തിലുടനീളം നടന്നിട്ടുള്ളതെന്ന് സി.പി.എം ജില്ല സെക്രട്ടറി വി.പി. അനിൽ. 2021ൽ വീണ്ടും അധികാരത്തിലേറിയ സർക്കാർ വികസന രംഗത്ത് കൊണ്ടുവന്ന മാറ്റം എൽ.ഡി.എഫിന്റെ സ്വീകാര്യത നേരത്തെയുള്ളതിനേക്കാൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് തീർച്ചയായും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വി.പി. അനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
തദ്ദേശത്തിലെ തിരിച്ചടിക്ക് കാരണം?
നിരവധിയായ കുപ്രചരണങ്ങൾ ആ സന്ദർഭത്തിൽ ഉണ്ടായിട്ടുണ്ട്. എസ്.ഐ.ആർ നടപ്പാക്കിയത് പിണറായി ആണെന്നനിലയിലായിരുന്നു കുപ്രചാരണം. എങ്ങനെയെങ്കിലും അധികാരത്തിലേറണമെന്ന ലക്ഷ്യത്തോടുകൂടി തങ്ങൾ ഇതുവരെ ആശയപരമായി ശക്തമായി എതിർത്തിരുന്ന, ആർ.എസ്.എസിനെപോലെതന്നെ മതരാഷ്ട്രവാദം ഉയർത്തികൊണ്ടിരിക്കുന്ന ശക്തികളുമായി യു.ഡി.എഫ് പരസ്യധാരണയുണ്ടാക്കി. ആ കൂട്ടുകെട്ടിന്റെകൂടി ഫലമായുള്ള താൽകാലിക വിജയമായിരുന്നു തദേശത്തിൽ സംഭവിച്ചത്.
ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർഥികൾ?
ജില്ലക്കകത്ത് ഏറ്റവും ഉചിതമായ സ്ഥാനാർഥികളെയാണ് ഇടതുപക്ഷം കണ്ടെത്തിയത്. എല്ലാവരും തന്നെ മികവാർന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. നല്ല വിജയം എൽ.ഡി.എഫിന് ഉണ്ടാകും.
മങ്കടയിലെ പരീക്ഷണം ഫലംകാണുമോ?
എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടാണ് മങ്കടയിൽ തീരുമാനമെടുത്തത്. മഞ്ഞളാംകുഴി അലിക്ക് ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോൾ ചെയ്യാൻ കഴിഞ്ഞ കാര്യങ്ങൾപോലും പിന്നീട് ചെയ്യാൻ കഴിഞ്ഞില്ല. ഗതാഗത മേഖലയിലടക്കം വികസന മുരടിപ്പ് പ്രകടമാണ്. ലീഗിലും യു.ഡി.എഫിലും അതിനെതിരെയുള്ള പ്രതിഷേധമാണ് ഉയർന്നുവന്നത്. അത്തരം പ്രതിഷേധങ്ങളെ പിന്തുണക്കുക എന്ന നയമാണ് എൽ.ഡി.എഫ് സ്വീകരിച്ചത്.
മന്ത്രി വി. അബ്ദുറഹിമാൻ മണ്ഡലം മാറാൻ തീരുമാനിച്ചത് തേറ്റായ തീരുമാനമായില്ലേ?
അത് മണ്ഡലത്തിൽ ദോഷം ചെയ്യില്ല. കാരണം, താനൂരിൽ, കഴിഞ്ഞ പത്ത് വർഷകാലത്ത് കോടികണക്കിന് രൂപയുടെ വികസനമാണ് മന്ത്രി അബ്ദുറഹിമാൻ നടത്തിയിട്ടുള്ളത്. ആ കാര്യങ്ങളൊക്കെ അവിടെയുണ്ട്. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയപ്പോൾ ആ സീറ്റുകൂടി ഈ സന്ദേശംവെച്ചുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം ചേർത്തുനിർത്താൻ പറ്റും. ആ മാറ്റം എതർഥത്തിലും നന്നായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്.
തവനൂരിലും പൊന്നാനിയിലും മത്സരം കടുത്തതാണോ?
അങ്ങനെ കരുതുന്നില്ല. ജനങ്ങൾക്ക് എല്ലാം അറിയാം. കഴിഞ്ഞ 15 വർഷം മുൻപുള്ള പൊന്നാനിയും തവനൂരൂം ആണോ ഇപ്പോഴത്തെ പൊന്നാനിയും തവനൂരൂം. എൽ.ഡി.എഫ് എം.എൽ.എമാർ വന്നതിന്റെ പ്രതിഫലനമാണല്ലോ അവിടെ ഉണ്ടായ മാറ്റം.
ജില്ലയിൽ എത്ര സീറ്റുകൾ എൽ.ഡി.എഫ് നേടും?
ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ബദൽ രാഷ്ട്രീയത്തെയും വികസന മുന്നേറ്റത്തെയും കേരളത്തിലെ ജനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളിൽനിന്നും വിത്യസ്തമായ മികവാർന്ന വിജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.