നിലമ്പൂർ: നിലമ്പൂർ താലൂക്കിന് മാത്രമായി സഞ്ചരിക്കുന്ന മാവേലി സ്റ്റോർ അനുവദിച്ചു. താൽക്കാലിക ഷെഡ‍്യൂൾ പ്രകാരം തിങ്കളാഴ്ച മുതൽ മാവേലി സ്റ്റോറിെൻറ പ്രവർത്തനം ആരംഭിക്കും. നിലമ്പൂർ സപ്ലൈ ഓഫിസ് പരിധിയിലെ 17 പഞ്ചായത്തുകളിലെ 12 പഞ്ചായത്തുകളിലും ഇതിെൻറ സേവനം ലഭ‍്യമാകും. നിലവിൽ മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽനിന്ന് വിദൂരമായ സ്ഥലങ്ങളിലാണ് ഇതിെൻറ സേവനം ഉറപ്പാക്കുക. അതതു പഞ്ചായത്തുകൾ ചൂണ്ടിക്കാണിക്കുന്ന മേഖലകളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വാഹനം സഞ്ചരിക്കും. പഞ്ചായത്തുകളിൽനിന്നുള്ള കത്തുകൾ ലഭ‍്യമായി വരുന്നതേയുള്ളൂ. മുഴുവൻ പഞ്ചായത്തുകളിൽനിന്നുമുള്ള കത്തുകൾ ലഭ‍്യമായ ശേഷം സ്ഥിരം ഷെഡ‍്യൂൾ പ്രകാരം വിതരണം ആരംഭിക്കും. ഒരു പഞ്ചായത്തിൽ മാസത്തിൽ രണ്ട് തവണയെങ്കിലും സേവനം ലഭ‍്യമാകും. മാവേലി സ്റ്റോറുകളിൽനിന്ന് സാധനങ്ങൾ വാങ്ങിയ റേഷൻകാർഡിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽനിന്ന് സാധനങ്ങൾ ലഭിക്കില്ല. മാവേലി സ്റ്റോറിൽനിന്നുള്ള അതേ അളവിലും വിലയിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽനിന്നും സാധനങ്ങൾ ലഭ‍്യമാവുമെന്ന് നിലമ്പൂർ ഡിപ്പോ മാനേജർ വജസ്പതി പറഞ്ഞു. പെരിന്തൽമണ്ണ ഡിപ്പോയിലെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ മുൻവർഷം കരുളായി പഞ്ചായത്തിലെത്തിയിരുന്നു. 2016 നവംബറിൽ കരുളായി വനത്തിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പിന് ശേഷം ഇതിെൻറ സേവനം കരുളായി മേഖലയിൽ നിർത്തിവെച്ചിരുന്നു. സഞ്ചരിക്കുന്ന മാവേലി സ്റ്റോർ മാവോവാദികൾ പിടിച്ചെടുക്കാൻ സാധ‍്യതയുണ്ടെന്ന പൊലീസിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നുള്ള വാഹനത്തിൽ തന്നെയായിരുന്നു അന്ന് വിതരണം നടന്നിരുന്നത്. എന്നാൽ, താലൂക്കിന് മാത്രമായി വാഹനം അനുവദിച്ചതോടെ മലയോരമേഖലക്ക് ഇത് ആശ്വാസകരമാവും. ഒരാഴ്ചത്തെ താൽക്കാലിക ഷെഡ‍്യൂൾ- തിങ്കൾ: കരുളായി പഞ്ചായത്തിലെ ചെറുപുഴ, ചൊവ്വാഴ്ച: ചോക്കാട് പഞ്ചായത്തിലെ ചെല്ലക്കൊടി കോളനി, ബുധൻ: അമരമ്പലം പഞ്ചായത്തിലെ വേങ്ങാപരത, വ‍്യാഴം: ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ ജങ്ഷൻ, വെള്ളിയാഴ്ച: പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ചളിക്കൽ, ശനി: എടക്കര പഞ്ചായത്തിലെ പള്ളിപ്പടി. ....................................................................................................................................................................................... പടം: 2-നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫിസിന് അനുവദിച്ച സഞ്ചരിക്കുന്ന മാവേലിസ്റ്റോർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.