cbL205

ശ്രീലങ്കൻ യാത്രക്കാരനിൽനിന്ന് 13 ലക്ഷത്തി​െൻറ സ്വർണം പിടികൂടി കോയമ്പത്തൂർ: സ്വർണം ചെറുകട്ടികളാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ച ശ്രീലങ്കൻ യാത്രക്കാരനെ കസ്റ്റംസ് അധികൃതർ പിടികൂടി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെത്തിയ സത്യശീലനാണ് പിടിയിലായത്. ഇയാളെ കാളപട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വയറിളക്കിയാണ് 432 ഗ്രാം സ്വർണം പുറത്തെടുത്തത്. 20 ചെറു സ്വർണക്കട്ടികളാണുണ്ടായിരുന്നത്. ഇൗ വർഷം കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12.145 കിലോഗ്രാം സ്വർണം പിടികൂടിയതായി അധികൃതർ അറിയിച്ചു. കോയമ്പത്തൂരിൽ മാലിന്യനിർമാർജനം അവതാളത്തിൽ കോയമ്പത്തൂർ: നഗരത്തിലെ മാലിന്യ നിർമാർജനം അവതാളത്തിൽ. മാലിന്യത്തൊട്ടികൾ നിറഞ്ഞുകവിഞ്ഞ് ദുർഗന്ധപൂരിതമായിരിക്കുകയാണ്. ഇവയുടെ പരിസരം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായിട്ടുണ്ട്. ദീപാവലിക്കുശേഷമാണ് മാലിന്യനീക്കം മന്ദഗതിയിലായത്. ദീപാവലിക്ക് ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൂപ്പുതൊഴിലാളികൾ പണിമുടക്ക് സമരം നടത്തിയതാണ് ഇതിന് കാരണമെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. ദീപാവലിയോടനുബന്ധിച്ച് നൂറുകണക്കിന് ടൺ മാലിന്യം അധികമായി നിക്ഷേപിക്കപ്പെട്ടതും തലവേദനയായി. കോർപറേഷന് കീഴിൽ 4,174 തൂപ്പു തൊഴിലാളികളാണ് ആവശ്യം. എന്നാൽ, നിലവിൽ 2,704 തൊഴിലാളികൾ മാത്രമാണുള്ളത്. രണ്ടായിരത്തോളം കുപ്പത്തൊട്ടികൾ ആവശ്യമുണ്ടെങ്കിലും ഇപ്പോൾ 900ത്തോളം മാത്രമാണ് വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. കോർപറേഷൻ പരിധിയിലെ തൂപ്പുജോലിക്ക് കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിട്ടുകൊടുക്കുന്ന സ്വകാര്യ ഏജൻസിക്ക് മാത്രം എട്ടു കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ഇതുകാരണം ഏജൻസി തൊഴിലാളികളെ ജോലിക്കയക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. മാലിന്യത്തൊട്ടികൾ നീക്കുന്നതിനാവശ്യമായ വാഹനങ്ങളുടെയും ഉന്തുവണ്ടികളുടെയും അപര്യാപ്തതയാണ് മറ്റൊരു പ്രശ്നം. നഗരത്തിൽ ദിനംപ്രതി 1,100 ടൺ മാലിന്യം പുറന്തള്ളപ്പെടുന്നതായാണ് കണക്ക്. ഇവ ശേഖരിച്ച് വെള്ളല്ലൂർ മാലിന്യ കിടങ്ങിലാണ് ഉപേക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.